ബാർബഡോസ്: വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 ലോകകപ്പ് ഫൈനലിലെ വമ്പൻ വിജയത്തിന് ശേഷമാണ് ഇത് തൻ്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു എന്ന് രോഹിത് പ്രഖ്യാപിച്ചത്. ഫൈനലിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും മുന്നിൽ നിന്ന് ടീമിന് വിജയത്തിലേക്ക് നയിക്കാൻ രോഹിത്തിനായി. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നു. “ഇത് എൻ്റെയും അവസാന കളിയായിരുന്നു. വിടപറയാൻ ഇതിലും നല്ലൊരു സമയം വേറെയില്ല. ഞാൻ ഈ ട്രോഫി വളരെയധികം ആഗ്രഹിച്ചിരുന്നു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്,” ഇതാണ് ഞാൻ ആഗ്രഹിച്ചതും ഇപ്പോൾ സംഭവിച്ചതും. എൻ്റെ ജീവിതത്തിൽ ഇതിനായി ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. ഇത്തവണ ഇത് നേടിയെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്,” രോഹിത് ശർമ്മ പറഞ്ഞു.
എട്ട് മത്സരങ്ങളില്‍ നിന്ന് 257 റണ്‍സ് നേടി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഇതുവരെയുള്ള ടി20 ലോകകപ്പ് മത്സരങ്ങളിൽ രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത് ആദ്യമായി ടി20 കളിച്ചത്. 159 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്. ഈ നേട്ടത്തോടെയാണ് താരത്തിന്റെ പടിയിറക്കവും.