കോഴിക്കോട്: ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപ്സര തിയേറ്റർ നവീകരണത്തിന് ശേഷം വീണ്ടും തുറന്നത്. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ തിയേറ്റർഭാരവാഹികൾ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. ഇതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ടൗൺ പോലീസും തിയേറ്ററിൽ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.