തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സത്താറാണ്. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ് കൊലപ്പെടുത്താനുള്ള കാരണമെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു. 2018 മാർച്ച് 27-നാണ് രാജേഷിനെ കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം വെട്ടിക്കൊന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളുടെ ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇയാൾ പിന്നീട് മൊഴിമാറ്റി.
രണ്ടാംപ്രതി മുഹമ്മദ് സാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണൽ സെ ഷൻസ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാംപ്രതി ഖത്തറിൽ വ്യവസായം നടത്തുന്ന ഓച്ചിറ സ്വദേശി അബ്ദുൾ സത്താറാണ്. ഇയാൾ ഒളിവിലാണ്. നാലുമുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു