ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (NC) അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ശ്രീനഗറിലെ ഇഡി ഓഫീസിലാണ് ഹാജരാകേണ്ടത്. ശ്രീനഗർ ലോക്സഭാ സീറ്റിൽ നിന്നുള്ള എംപിയായ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2022-ൽ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് 86 കാരനായ ഫാറൂഖ് അബ്ദുള്ള ചോദ്യം ചെയ്യുന്നത്. 2022ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കേസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് KKCA ഭാരവാഹികളുടേതുൾപ്പെടെ ബന്ധമില്ലാത്ത കക്ഷികളുടെ വിവിധ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും, ജെകെസിഎ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിശദീകരിക്കാതെ പണം പിൻവലിച്ച് പണം തട്ടിയെടുക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.