NationalNews

ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരി അന്തരിച്ചു.

ധാക്ക > ബംഗ്ലാദേശി പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ സഫറുള്ള ചൗധരി (81) അന്തരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി വൃക്കയുടെ തകരാറുമൂലം ഡയാലിസിസിന്റെ സഹായത്തിൽ കഴിയുകയായിരുന്നു. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സെമിനാറുകളിൽ പങ്കെടുക്കാൻ പലതവണ അദ്ദേഹം കേരളത്തിൽ വന്നിട്ടുണ്ട്.

ഡാക്കാ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യപഠനം പൂർത്തിയാക്കിയ സഫറുള്ള ബ്രിട്ടനിൽ വാസ്‌കുലർ സർജറിയിൽ ഉപരിപഠനകാലത്ത് ബംഗ്ലാദേശ് വിമോചനസമരത്തിൽ പങ്കെടുക്കാൻ ഡാക്കയിലെത്തി. മുക്തിബാഹിനിയിൽ അംഗമായി യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കൻ സാവർ എന്ന ഗ്രാമത്തിൽ ഒരു ചികിത്സാകേന്ദ്രം സഫറുള്ള സ്ഥാപിച്ചു. ബംഗ്ലാദേശിലെ ഗ്രാമീണ ദരിദ്രജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ സഫറുള്ള ബ്രിട്ടനിലെ പഠനം ഉപേക്ഷിച്ച്യു. സാവറിലെ ചികിത്സാകേന്ദ്രം ഗൊണശാസ്‌തായ കേന്ദ്രം (ജനകീയാരോഗ്യം കേന്ദ്രം) എന്ന് നാമകരണം ചെയ്‌ത് വളർത്തിയെടുത്തു. പിന്നീട് കുറഞ്ഞവിലക്കുള്ള ജനറിക്ക് അവശ്യമരുന്ന് ഉല്പാദിപ്പിക്കാനായി ഔഷനിർമ്മാണ ഫാക്‌ടറിയും മെഡിക്കൽ കോളേജും സ്ഥാപിച്ചു. സാർവദേശീയ ജനകീയാരോഗ്യപ്രസ്ഥാനം (People’s Health Movement) രൂപീകരിക്കാനുള്ള സമ്മേളനം 2000 ജനുവരിയിൽ ഗൊണശാസ്‌തായ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ചു. ജനകീയാരോഗ്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 1985 ലെ മഗ്സാസെ പുരസ്‌കാരവും 1992 ലെ Right Livelihood പുരസ്‌കാരവും ഡോ. സഫറുള്ള ചൌധരിക്ക് ലഭിച്ചു.

ഡോ. സഫറുള്ള ചൗധരിയുടെ Politics of Essential Drugs’ എന്ന പുസ്‌തകത്തിന്റെ പരിഭാഷ അവശ്യമരുന്നുകളുടെ രാഷ്ട്രീയം എന്ന പേരിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയിരുന്നു. ശ്രീലങ്കയിലും ചിലിയിലും കൊളംബിയയിലുമൊക്കെ എൺപതുകളിൽ വളർന്നു വന്ന ജനകീയാരോഗ്യ പരീക്ഷണങ്ങളെയും ഇന്ത്യയിൽ ജന്മമെടുത്ത ഹാത്തി കമ്മറ്റി റിപ്പോർട്ടിനേയും ഇത്തരം ജനപക്ഷനയങ്ങളെ സർവ്വശക്തിയും ഉപയോഗിച്ച് എതിർക്കുന്ന സാമ്രാജ്യത്വ കുതന്ത്രങ്ങളെയും വസ്‌തുനിഷ്‌ടമായി പ്രതിപാദിക്കുന്ന പുസ്‌തകമാണിത്.

1982ൽ ബംഗ്ലാദേശിൽ രൂപീകരിച്ച ദേശീയ ഔഷധനയ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചത് ഡോ.സഫറുള്ള ചൗധരിയാണ്. ജനോപകാരപ്രദമായ ഒരു ദേശീയ ഔഷധനയത്തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇത്. ലോകമെങ്ങുനമുള്ള ജനകീയാരോഗ്യപ്രസ്ഥാനങ്ങൾക്ക് ദിശ നൽകിയ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഡോ.സഫറുള്ള ചൗധരി തുടക്കമിട്ടിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *