ലഖ്‌നൗ: അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് 15,700 കോടി രൂപയുടെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം ഇന്ന് നിർവഹിക്കും.
ഇന്ന് അയോദ്ധ്യ സന്ദർശിക്കുന്ന പ്രധാനമന്ത്രി രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ജെർക്ക് ഫ്രീ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ട്രെയിനുകൾ യാത്രികർക്ക് പുതിയ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നാണ് റെയിൽവേ പറയുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 130 കിമി ആണ്. അമൃഭാരത് എക്‌സ്പ്രസിൽ സെമി പെർമനന്റായ കപ്ലറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ജെർക്ക് കുറയ്‌ക്കുമെന്ന് റയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ട്രെയിനുകളിൽ പുഷ്-പുൾ സാങ്കേതിക വിദ്യയാണ് നൽകിയിരിക്കുന്നതെന്നും ഇത് ട്രെയിനിന്റെ വേഗത കൂട്ടുകയും യാത്ര സുഗമമാക്കുകയും ചെയ്യുമെന്നും ഇത് വളവുകളുള്ള സ്ഥലങ്ങളിലും പാലങ്ങളുള്ള സ്ഥലങ്ങളിലും സമയം ലാഭിക്കാൻ സഹായിക്കുന്നതാണെന്നും ഒപ്പം യാത്രക്കാർക്ക് സുഖമായി ഇരിക്കാൻ വിശാലമായ സീറ്റിംഗ് സംവിധാനങ്ങളും ഫോണുകൾ ചാർജ് ചെയ്യാനായി സീറ്റുകളുടെ സമീപം തന്നെ ചാർജിംഗ് പോയിന്റുകളും ഘടിപ്പിച്ചിട്ടുണ്ടെന്നും ദിവ്യാംഗർക്കായി പ്രത്യേക ശൗചാലയ സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്തെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.
ബീഹാറിലെ ദർഭാഗയിൽ നിന്നും അയോദ്ധ്യ വഴി ഡൽഹി ആനന്ദ് വിഹാറിലേക്കും പശ്ചിമബംഗാളിലെ മാൾഡയിൽ നിന്നും ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ടെർമിനിലേക്കുമായിരിക്കും ഇതിന്റെ സർവ്വീസുകൾ. സെമി-കപ്ലർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ട്രയിനുകൾക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനവും വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും വൻ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ്. ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷനിലെത്തും. തുടർന്ന് എയർപോർട്ട് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയായാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനെ തുടർന്ന് 11:15 ഓടെ നവീകരിച്ച റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.