2019 ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അഖിലേഷ് യാദവിന് CBIയ്ക്ക് മുന്പില് ഹാജരാകേണ്ടത്. ഫെബ്രുവരി 29 നാണ് അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അനധികൃത ഖനന കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമാജ്വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് സിബിഐ ആവശ്യപ്പെട്ടിരിയ്ക്കുന്നത്, എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസന്വേഷണത്തില്‍ സാക്ഷികളെ വിളിച്ചുവരുത്താൻ പോലീസ് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുന്ന CRPC യുടെ 160-ാം വകുപ്പ് പ്രകാരമാണ് അഖിലേഷ് യാദവിന് സിബിഐ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.
ഇ-ടെൻഡറിംഗ് നടപടികൾ ലംഘിച്ചുകൊണ്ടാണ് ഖനനത്തിനുള്ള പാട്ടം നല്‍കിയത് എന്നാണ് കേസ്. ആരോപണത്തില്‍ അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യാദവ് മുഖ്യമന്ത്രിയായിരുന്ന 2012-16 കാലത്ത് അനധികൃത ഖനനത്തിന് അനുമതി നൽകിയെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഖനനം നിരോധിച്ചിട്ടും അനധികൃതമായി ലൈസൻസ് പുതുക്കിയെന്നും സിബിഐ ആരോപിക്കുന്നു. ഐഎഎസ് ഓഫീസർ ബി ചന്ദ്രകല, സമാജ്വാദി പാർട്ടി എംഎൽസി രമേഷ് കുമാർ മിശ്ര, സഞ്ജയ് ദീക്ഷിത് എന്നിവരുൾപ്പെടെ 11 പേർക്കെതിരെ എഫ്ഐആറുമായി ബന്ധപ്പെട്ട് 2019 ജനുവരിയിൽ 14 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. 2012-16 കാലഘട്ടത്തിൽ ഹമീർപൂർ ജില്ലയിൽ അനധികൃതമായി ഖനനം നടത്താന്‍ അവസരം ഒരുക്കിക്കൊടുത്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.