ലഖ്‌നൗ: ഉത്തർപ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം വൈകും. കഴിഞ്ഞ ആഴ്ച കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നതിനാൽ ജാമ്യം വൈകുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഈ മാസം 19നാണ് ഇഡി കേസ് ലക്‌നൗ കോടതി പരിഗണിക്കുന്നത്. ഇഡി കേസ് നിലനിൽക്കുന്നതിനാൽ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ലഖ്‌നൗ ജയിൽ പിആർഒ സന്തോഷ് വെർമ പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരം, അഡിഷണൽ സെഷൻസ് ജഡജ് കഴിഞ്ഞദിവസം സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
ജാമ്യം അനുവദിക്കുന്നതിന് എതിരെ യുപി പൊലീസ് ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡൽഡി വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയും നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. 2020 ഒക്ടോബറിലാണ് ഹാഥ്‌രസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെ കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്