തിരുവനന്തപുരം: കേരള, എം.ജി കാലിക്കറ്റ് സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ ഭാഗികമായി മാത്രം അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിധിക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കോഴ്സുകള്‍ നടത്താന്‍ യു.ജി.സി അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല യു.ജി.സി അനുമതിക്കായി നല്കിയ 12 യു ജി പ്രോഗ്രാമുകളും 5 പി ജി പ്രോഗ്രാമുകളും ഒഴികെയുള്ള കോഴ്സുകള്‍ക്ക് മാത്രമാണ് മറ്റു കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല അധികൃതരെയും ഹരജിക്കാരെയും നേരില്‍ കേട്ടശേഷം ഉത്തരവിറക്കാനായിരുന്നു കഴിഞ്ഞ 16ന് ഹൈക്കോടതി ഉത്തരവ്. കോഴ്സ് നടത്താന്‍ യു.ജി.സി അനുമതി നല്‍കിയതിന്റെ രേഖ ഓപ്പണ്‍ സര്‍വകലാശാലക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ മറ്റു സര്‍വകലാശാലകള്‍ക്ക് കോഴ്സ് നടത്താന്‍ അനുമതി നല്കി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഓപ്പണ്‍ സര്‍വകലാശാലയുടെ ഒരു കോഴ്സിന് പോലും അംഗീകാരമില്ലെന്ന് വ്യക്തമായിരിക്കെ അവര്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന കോഴ്സുകള്‍ മാറ്റി നിര്‍ത്തി മറ്റ് കോഴ്സുകള്‍ക്ക് മാത്രം അനുമതി നല്‍കാനുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് സബ്മിഷനിൽ ആരോപിച്ചു.