KeralaNews

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ ന​ഗരത്തിൽ പുലികളിറങ്ങി

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ ന​ഗരത്തിൽ പുലികളിറങ്ങി. പഴയ മാറ്റോടെ അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് പുലികൾ നീങ്ങിയതോടെ കാണാനെത്തിയവരും ആവേശത്തിലായി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം എന്നീ അഞ്ച് ടീമുകളാണ് ഇക്കുറി ചുവടുവച്ചത്. അഞ്ച് സംഘങ്ങളിലായി 250 ലേറെ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ സംഘങ്ങൾ എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ കയറി. വിയ്യൂർ ടീം ബിനി ജങ്ഷൻ വഴിയും ശക്തൻ ടീം എംഒ റോഡ് വഴിയും സ്വരാജ് റൗണ്ടിലെത്തി. വീറും വാശിയും കുറവില്ലാതെ സ്വരാജ് റൗണ്ടിൽ പുലികൾ ചുവടുവച്ചു. വിജയികളെ പുലിക്കളി സമാപനത്തോടെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ പതിവു സമ്മാന വിതരണച്ചടങ്ങ് ഉണ്ടാകില്ല. ആ ചടങ്ങ് മറ്റൊരു ദിവസം സംഘടിപ്പിക്കും. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാൽ പുലിക്കളി ആഘോഷം മാറ്റേണ്ടിവരുമെന്നു കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുലിക്കളി മാറ്റേണ്ടതില്ലെന്ന് ടൂറിസം വകുപ്പ് അറിയിക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *