കണ്ണൂര്‍: Rahul Gandhi In Kerala: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. കെജി സെന്ററിന് നേരെയുണ്ടായ ബോംബേറിനെ തുടർന്ന് രാഹുൽ ഗാന്ധിയ്ക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ എല്ലാ പരിപാടികളിലും പ്രത്യേക സുരക്ഷാ നൽകാനാണ് തീരുമാനം. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിൽ അദ്ദേഹം പങ്കെടുക്കുകയും വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യും.