KeralaNews

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് പിസി ജോർജ്

കോട്ടയം: മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴുള്ള ലാവ്‌ലിൻ കേസ് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രി നടത്തിയിട്ടുള്ള വഴിവിട്ട കച്ചവടങ്ങളുടെയും അഴിമതികളുടെയും ഇടനിലക്കാരനായി പ്രവർത്തിച്ച ആളാണ് എം. ശിവശങ്കർ. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ശിവശങ്കറിലൂടെയാണ് സ്വർണ്ണകള്ളക്കടത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകിയത്. ഇരുപത്തിരണ്ടാമത്തെ പ്രാവശ്യം ആണ് സ്വർണകള്ളക്കടത്ത് കസ്റ്റംസ് പിടിക്കുന്നതെന്നും പിസി ജോർജ് പറഞ്ഞു.

അന്വേഷണം നേരിടുന്നതിന് പകരം ആരോപണം  ഉന്നയിക്കുന്നവർക്കെതിരെ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് രക്ഷപ്പെടാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. താൻ നടത്തി എന്ന് പറയുന്ന ഗൂഢാലോചനയും, മുഖ്യമന്ത്രി നടത്തിയ സ്വർണ്ണ കള്ളക്കടത്തും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണെന്നും പിസി ജോർജ് പറഞ്ഞു. സ്വപ്ന നൽകിയ 164-സ്റ്റേറ്റ്മെന്റാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അപ്പോൾ അതിനുള്ളിൽ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങൾ ഉണ്ട് എന്ന് വ്യക്തം. ആ സ്റ്റേറ്റ്മെന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ  ഉറപ്പുവരുത്തണം.  മുഖ്യമന്ത്രിയുടെ ചെയ്തികൾക്കെതിരെ കേരള ഗവർണർക്ക് പരാതി സമർപ്പിക്കും. കേരള ഗവർണറിലൂടെ ഇന്ത്യൻ പ്രസിഡന്റിനും പരാതി സമർപ്പിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *