NewsSports

ബ്രസീൽ ഇറങ്ങുന്നു.

ദോഹ: ബ്രസീൽ ഇറങ്ങുന്നു. ഒറ്റലക്ഷ്യം മാത്രം. ഗോൾ നിറച്ച്‌ ആറാംകിരീടം. അർജന്റീന സൗദി അറേബ്യയുടെ കൈകളിൽ വീണുടഞ്ഞത്‌ മനസ്സിൽവച്ചാകും പരിശീലകൻ ടിറ്റെ അവസാന ഒരുക്കം നടത്തുക. യൂറോപ്പിൽനിന്നുള്ള സെർബിയയാണ്‌ എതിരാളി. ഇംഗ്ലണ്ടും ഫ്രാൻസും ഗോളടിച്ചുകൂട്ടിയപോലെ വലിയൊരു വിജയമാകും ലക്ഷ്യമിടുന്നത്‌.   ഗോളടിക്കാരാണ്‌ ടീമിന്റെ ശക്തി. പ്രതിരോധത്തിലെ ദൗർബല്യം ഗോൾ നേടി മറയ്‌ക്കാനാകും കോച്ചിന്റെ ശ്രമം.  ഗോളടിക്കാരുടെ റോളിൽ ഒമ്പതുപേരുണ്ട്‌.  നെയ്‌മറിനൊപ്പം റിച്ചാർലിസൺ, ഗബ്രിയേൽ ജെസ്യൂസ്‌, വിനീഷ്യസ്‌ ജൂനിയർ, റഫീന്യ, ആന്തണി, ഗബ്രിയേൽ മാർടിനെല്ലി, പെഡ്രോ, റോഡ്രിഗോ എന്നിവർ ചേരുന്നതോടെ ഏത്‌ പ്രതിരോധവും ആടിയുലയും.  മുപ്പതുകാരനായ നെയ്‌മർക്ക്‌ അവസാന ലോകകപ്പാണ്‌. ഗോളടിയിൽ പെലെക്ക്‌ തൊട്ടരികിലാണ്‌ നെയ്‌മർ. 121 കളിയിൽ 75 ഗോൾ. പെലെ 92 കളിയിൽ നേടിയത്‌ 77 ഗോൾ. പ്രതിരോധത്തിൽ പരിചയസമ്പന്നരാണ്‌. അതോടൊപ്പം അവർക്ക്‌ പ്രായമായെന്ന വസ്‌തുതയുമുണ്ട്‌. മുപ്പത്തൊമ്പതുകാരൻ ഡാനിൽ ആൽവേസിനൊപ്പം മുപ്പത്തെട്ടുകാരൻ തിയാഗോ സിൽവയുണ്ട്‌. ആൽവേസ്‌ മുഴുവൻസമയം കളിക്കാനിടയില്ല. അപ്പോൾ ഏദെർ മിലിറ്റാവോയ്‌ക്കും മാർക്വീന്യോസിനും പണികൂടും.മധ്യനിരയിൽ പരിക്കേറ്റ ഫിലിപ്പെ കുടീന്യോ ഇല്ലാത്തത്‌ ക്ഷീണമാകും. കാസെമിറോ, ലൂക്കാസ്‌ പക്വേറ്റ എന്നിവർക്കൊപ്പം പുതുതാരം ബ്രൂണോ ഗിമറസും അണിനിരക്കും. യൂറോപ്യൻ യോഗ്യതയിൽ പോർച്ചുഗലിനെ പിന്തള്ളി ഗ്രൂപ്പിൽ ഒന്നാമതായാണ്‌ സെർബിയ യോഗ്യത നേടിയത്‌. ഗോളടിക്കാരായ അലക്സാണ്ടർ മിത്രോവിച്ചും ക്യാപ്‌റ്റൻ ദുസൻ ടാഡിച്ചുമാണ്‌ പ്രധാന കളിക്കാർ. പ്രതിരോധത്തിലും മികച്ചവരുണ്ട്‌. ഫിലിപ്‌ കൊസിച്ച്‌, നെമാന്യ ഗുദെൽജ്‌, നെമാന്യ മാക്‌സിമോവിച്ച്‌, ഫിലിപ്‌ ഡുറിച്ച്‌, സെർജി മിലിൻകോവിച്ച്‌ എന്നിവരാണ്‌ ടീമിലെ മറ്റു കരുത്തർ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *