ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ജെന്നിയുടെ ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം. ഒപ്പം നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ ഹോഫ്മാനും പുരസ്കാരമുണ്ട്. കിഴക്കൻ ജർമനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലമാക്കി എഴുതിയ മനോഹരവും സങ്കീർണ്ണവുമായ പ്രണയകഥയാണ് ജെന്നി കെയ്റോസ് എന്ന നോവലിലൂടെ വരച്ചു കാണിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണകൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവുമെല്ലാം നോവലിന്റെ മാറ്റ് കൂട്ടുന്നു. കെയ്റോസ് ബുക്കർ പ്രൈസ് നേടിയത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ്.