തിരുവനന്തപുരം>രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപനവും വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്‌ഘാടനവും നിർവഹിക്കും. തിങ്കൾ വൈകിട്ട് അഞ്ചിനാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി കൊച്ചിയിലെത്തുക. 5.30ന് തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം റോഡ്ഷോ നടത്തും.6 ന് ‘യുവം’ കോൺക്ലേവില്‍ പങ്കെടുക്കും.തുടര്‍ന്ന് വിവിധ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
ചൊവ്വ രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. പകൽ 10.55ന് വന്ദേഭാരതിന്റെ ഫ്ലാഗ്‌ഓഫ്. പകൽ 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കും. കോഴിക്കോട്, വർക്കല, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, നേമം, കൊച്ചുവേളി ടെർമിനൽ വികസനം, തിരുവനന്തപുരം –- ഷൊർണൂർ മേഖലയിലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനാവശ്യമായ പദ്ധതി, കൊച്ചി വാട്ടർ മെട്രോ സർവീസ്, ഡിണ്ടിഗൽ –- പളനി –- പാലക്കാട് സെക്‌ഷന്റെ വൈദ്യുതീകരണം എന്നിവയും ഉദ്‌ഘാടനം ചെയ്യും. പകൽ 12.40ന് സൂറത്തിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവുമാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രെയിനുകൾക്കും യാത്രക്കാർക്കും നിയന്ത്രണമുണ്ടാകും. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. കടകളും അടച്ചിടും.ഏകദേശം 2000ത്തോളം പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുള്ളത്.
അതിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോൺഗ്രസ്,-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ അടക്കമുള്ള പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രധാനമന്ത്രിക്കുനേരെ ചാവേറാക്രമണം നടത്തുമെന്ന് കത്തെഴുതിയ കൊച്ചി കതൃക്കടവ് സ്വദേശി മഞ്ചാടിക്കൽ സേവ്യറി (58)നെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.