തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് ഇടതുസർക്കാരും ഒരുപോലെ ഉത്തരവാദിയാണെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ എംപി. ഹർത്താൽ ദിനം കേരളത്തിൽ കറുത്ത ദിനമായിരുനു. ജനങ്ങൾ തടവിലായി. നൂറുകണക്കിന് വാഹനങ്ങൾക്കു നേരേ ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് നടന്നത്. ഇതിനെല്ലാം സംസ്ഥാന സർക്കാർ മറുപടി പറയണം- വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പല സംസ്ഥാനങ്ങളിലേയും പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡും അറസ്റ്റും നടന്നു. എന്നാൽ കേരളത്തിൽ മാത്രമാണ് ഹർത്താലും ആക്രമണങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവന് മതിയായ സംരക്ഷണം നൽകാൻ ഇവിടത്തെ സർക്കാർ പരാജയപ്പെട്ടു. കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലർ ഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരിൽ ഏഴ് പേരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്.
സിപിഎമ്മും പോപ്പുലർ ഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ സിപിഎമ്മിന് അവരുടെ പിന്തുണ ലഭിക്കുന്നു. സിപിഎം എംപിയായ എ.എം. ആരിഫിന്റെ പ്രസ്താവന പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നതാണ്. ഏകപക്ഷീയ ആക്രമണമെന്ന് പറയാൻ അദ്ദേഹമെന്താ കോടതിയാണോ. സിപിഎം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങളെ സിപിഎമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല.
പോപ്പുലർ ഫ്രണ്ടിന്റെ പേര് പറയാൻ എന്താണ് മടിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പോപ്പുലർ ഫ്രണ്ട് സഹായം ലഭിച്ചിട്ടുണ്ട്. എൻഐഎ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കോൺഗ്രസിന്റെ പദയാത്രയിൽ ഒരു സന്ദേശവുമില്ല. ഇന്ത്യ നേരത്തേ തന്നെ ഒന്നാണ്. പലരെയും കാണാൻ രാഹുൽ ഗാന്ധിക്ക് സമയമില്ല. നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാലാ ബിഷപ്പിനെ കാണാൻ പോലും സമയമില്ല- അദ്ദേഹം പറഞ്ഞു.