തിരുവനന്തപുരം:സംസ്ഥാനത്ത് സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്ച പൂർത്തിയായി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ് ഒടുവിൽ പൂർത്തിയായത്. പ്ലസ് വണ്ണിന് ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാർഥികൾ എഴുതി. പ്ലസ് ടുവിന് സ്റ്റാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ് തുടങ്ങിയ വിഷയങ്ങളായിരുന്നു. 66,000 വിദ്യാർഥികളെഴുതി. എസ്എസ്എൽസി പരീക്ഷ ബുധനാഴ്ച തീർന്നിരുന്നു.
പരീക്ഷകൾ കഴിഞ്ഞാലും വെള്ളിയാഴ്ച വിദ്യാർഥികൾക്ക് സ്കൂളിൽ വരാം. അധ്യാപകരും സ്കൂളിലെത്തണം. പരീക്ഷാനുഭവങ്ങൾ പങ്കുവയ്ക്കാം. പരീക്ഷകളെല്ലാം വിദ്യാർഥികൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നതായാണ് പൊതുവിലയിരുത്തൽ. മികച്ച വിജയം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. ഉച്ചഭക്ഷണ പദ്ധതി പരിധിയിൽ ഉൾപ്പെട്ട അഞ്ചുകിലോ അരി വാങ്ങാൻ ബാക്കിയുള്ള കുട്ടികൾ വെള്ളിയാഴ്ച കൈപ്പറ്റണം.