KeralaNews

മന്ത്രിസഭയിലേക്ക് മുൻമന്ത്രിമാർ എത്തുന്നുവെന്നത് മാധ്യമസൃഷ്ടി ; നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എന്നത് പ്രത്യേക വെല്ലുവിളിയില്ലെന്ന് എം വി ഗോവിന്ദന്‍.പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് രാജിവയ്ക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെടുത്തുമെന്നത് മാധ്യമ സൃഷ്ടിയാണ്.ഗവര്‍ണര്‍ക്ക് എതിരായ നിലപാടില്‍ പിന്നോട്ടില്ല. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവുമായിരിക്കണം. അങ്ങനെയാകാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്. ആ വിമര്‍ശനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗവര്‍ണര്‍ ഭരണഘടാനപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുമോയെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയുള്ള നിലപാടുകളില്‍ പിന്നോട്ടു പോകില്ല. അങ്ങനെ പോയാല്‍ പിന്നെ പാര്‍ട്ടിയുണ്ടാകുമോ? ഓരോ പ്രതിസന്ധിയും അതിജീവിച്ച് പാര്‍ട്ടി മുന്നോട്ടു പോവുകയാണ് ചെയ്യുക. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ ഒരുക്കുന്നത് സെക്രട്ടറിയുടെ മാത്രം ദൗത്യമല്ല. പാര്‍ട്ടിയുടെ മൊത്തം ഉത്തരവാദിത്തമാണ്. കഴിഞ്ഞ ഒരു സീറ്റില്‍ നിന്ന് നല്ല രീതിയിലുള്ള വിജയം നേടും.

കൂട്ടായി മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റുകയുള്ളു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കൂട്ടായിപ്പോകണം. സര്‍ക്കാരും വികസന സമീപനങ്ങളും പാര്‍ട്ടിയും എല്ലാം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐയുടേത് ആരോഗ്യപരമായ വിമര്‍ശനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *