കൊച്ചി
പുതുവർഷത്തിലെ ആദ്യ മൂന്നുമാസം റിലീസായ 73 മലയാള സിനിമകളിൽ തിയറ്ററുകൾക്ക് ആശ്വാസമായത് ഒരേയൊരു ‘രോമാഞ്ചം’മാത്രം. മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം, ക്രിസ്‌റ്റഫർ, മോഹൻലാലിന്റെ എലോൺ എന്നിവ തിയറ്ററിൽ വീണെങ്കിലും നൻപകൽ നേരത്ത് മയക്കം വൻ നിരൂപക പ്രശംസ നേടി. വിഷുക്കാലത്ത് പുറത്തിറങ്ങിയ ആറ് ചിത്രങ്ങളിൽ ഒന്നുപോലും തിയറ്ററുകൾ നിറച്ചില്ല.
പോയവർഷം ഒടുവിലെത്തിയ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയറ്ററുകൾക്ക് മികച്ച തുടക്കമാണ് നൽകിയത്. ജനുവരി ആദ്യവാരത്തിൽ എത്തിയ നൻപകൽ നേരത്ത് മയക്കം ശ്രദ്ധ നേടിയെങ്കിലും പ്രേക്ഷക പ്രതികരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ക്രിസ്‌റ്റഫർ സാമ്പത്തിക മെച്ചമുണ്ടാക്കിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ കയറിക്കൂടിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. മഞ്ജു വാര്യരുടെ ആയിഷ, വെള്ളരിപ്പട്ടണം, ബിജു മേനോന്റെ തങ്കം, നീണ്ട ഇടവേളയ്‌ക്കുശേഷം ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്, കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും, ആസിഫലിയുടെ മഹേഷും മാരുതിയും, നിവിൻ പോളിയുടെ തുറമുഖം, സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ, ഷെയ്‌ൻ നിഗമിന്റെ കൊറോണ പേപ്പേഴ്‌സ് എന്നീ സിനിമകളും തരംഗമായില്ല. സൗബിൻ, ചെമ്പൻ വിനോദ് എന്നിവർ വേഷമിട്ട, ഫെബ്രുവരി ആദ്യവാരത്തിൽ റിലീസായ രോമാഞ്ചം തിയറ്ററുകളിൽ ചലനമുണ്ടാക്കി. കേരളത്തിന് പുറത്തും മികച്ച നേട്ടമുണ്ടാക്കിയ മലയാള ചിത്രവുമായി.
താരചിത്രങ്ങളില്ലാതെയാണ് വിഷുക്കാലം കടന്നുപോയത്. ഷൈൻ ടോം ചാക്കോയുടെ അടി, സുരാജിന്റെ മദനോത്സവം, ഉസ്‌കൂൾ എന്നീ ചിത്രങ്ങൾ കൂടാതെ മെയ്‌ഡ് ഇൻ കാരവൻ, ഉപ്പുമാവ്, താരം തീർത്ത കൂടാരം എന്നിവയും വിഷുക്കാലത്ത് തിയറ്ററിലുണ്ടായിരുന്നു. പൂക്കാലം, ബി 32 മുതൽ 44 വരെ എന്നിവ മികച്ച നിരൂപക ശ്രദ്ധനേടിയെങ്കിലും പ്രേക്ഷകരെ ആകർഷിച്ചില്ല. സ്‌ഫടികത്തിന്റെ പുതിയ പതിപ്പും തമിഴ് ചിത്രങ്ങളായ തുനിവ്, വരിശ്, ഹോളിവുഡ് ആക്‌ഷൻ ത്രില്ലർ ജോൺ വിക്ക് ചാപ്‌റ്റർ 4 എന്നിവ നേട്ടമുണ്ടാക്കി.
ഇങ്ങനെപോയാൽ പകുതി തിയറ്ററുകളെങ്കിലും ഈവർഷം പൂട്ടിപ്പോകുമെന്ന് തിയറ്റർ ഉടമാ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിന്റെ മായികവലയത്തിലാണ് നിർമാതാക്കളും താരങ്ങളും. ഒടിടിക്കുവേണ്ടിയുള്ള സിനിമകളാണ് നിർമിക്കപ്പെടുന്നത്. അവ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കില്ല. തിയറ്ററുകളിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻപോലും വരുമാനമില്ലാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും വിജയകുമാർ പറഞ്ഞു.