കൊച്ചി: കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ അടുത്ത വിമാനവാഹിനിക്കപ്പൽ എട്ടു കൊല്ലത്തിനുള്ളിൽ നിർമിച്ചു കൈമാറാൻ കൊച്ചി കപ്പൽശാല. എന്നാൽ, രണ്ടാം വിമാനവാഹിനിയുടെ കാര്യത്തിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റി (സിസിഎസ്) അന്തിമ തീരുമാനമെടുക്കാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം തീയതിയിലെ കൊച്ചി സന്ദർശനവേളയിൽ പ്രഖ്യാപനത്തിനു സാധ്യത കുറവ്.
ആദ്യ തദ്ദേശീയ നിർമിത ഐഎൻഎസ് വിക്രാന്ത് 45,000 ടൺ ശേഷിയുള്ളതാണെങ്കിൽ, 75,000 ടൺ ശേഷിയുള്ള വലിയ വിമാനവാഹിനിയാണ് ഇനി ലക്ഷ്യമിടുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ പടുകൂറ്റൻ വിമാനവാഹിനികൾ നിർമിക്കാൻ ശേഷിയുള്ള പുതിയ ഡ്രൈ ഡോക്കിന്റെ നിർമാണം കപ്പൽശാലയിൽ അന്തിമഘട്ടത്തിലെത്തി. 2024ൽ ഇതു കമ്മിഷൻ ചെയ്യാനാണു ലക്ഷ്യം.
വിക്രാന്തിന് 20,000 കോടി രൂപ ചെലവായി. 75,000 ടണ്ണിന്റെ പുതിയ വിമാനവാഹിനിക്ക് ഇതിലിരട്ടി ചെലവു വരും. പ്രതിരോധ ബജറ്റിൽ വൻ കുതിച്ചുചാട്ടത്തിനിടയാക്കും എന്നതിനൊപ്പം, നമ്മുടെ സാമുദ്രികാധിപത്യ ലക്ഷ്യങ്ങളെപ്പറ്റി രാജ്യാന്തരതലത്തിൽ ഉയർന്നേക്കാവുന്ന സംശയങ്ങളുമാണ് അന്തിമാനുമതി വൈകിപ്പിക്കുന്നത്. ബ്ലൂനേവിയുടെ ഭാഗമായാണ് വിമാനവാഹിനികൾ തദ്ദേശീയമായി വികസിപ്പിക്കാൻ ഇന്ത്യ നയപരമായ തീരുമാനമെടുത്തത്. ഒപ്പം, നമ്മുടെ സമുദ്രാതിർത്തിയിൽ വർധിച്ചു വരുന്ന ചൈനീസ് ആധിപത്യവും ഘടകമാണ്. ഈ സാഹചര്യത്തിൽ മൂന്നു വിമാനവാഹിനികൾ വേണമെന്ന നാവികസേനയുടെ നിലപാടിനെ പ്രതിരോധ വിദഗ്ധർ പിന്താങ്ങുന്നു.
അടുത്തതിന്റെ നിർമാണത്തിന് കൂടുതൽ സമയം വേണ്ടിവരില്ലെന്നും ചെലവ് കുറവായിരിക്കുമെന്നും കപ്പൽശാല പറയുന്നു. വിക്രാന്ത് നിർമിക്കാൻ ഉപയോഗിച്ച 21,500 ടൺ സ്പെഷ്യൽ ഗ്രേഡ് ഉരുക്ക് ഇന്ത്യയിൽ തന്നെ വികസിപ്പിച്ചതാണ്. കപ്പൽശാല ആദ്യം സമീപിച്ച റഷ്യൻ കമ്പനികൾ ഈ ഉരുക്കു നൽകാൻ തയാറായെങ്കിലും ഉയർന്ന വില ആവശ്യപ്പെട്ടു. തുടർന്നാണു രാജ്യം സ്വന്തമായി സ്പെഷ്യൽ ഗ്രേഡ് ഉരുക്ക് വികസിപ്പിച്ചതും റഷ്യൻ കുത്തക തകർത്തതും. ഇതിനു രണ്ടുകൊല്ലം താമസമുണ്ടായി. പുതിയ വിമാനവാഹിനിയുടെ നിർമാണത്തിൽ ഇനി ഇത്തരം കാലതാമസമുണ്ടാകില്ലെന്ന് കൊച്ചി കപ്പൽശാല സിഎംഡി മധു എസ്. നായർ പറഞ്ഞു