KeralaNews

ഡീസല്‍വിതരണം മുടങ്ങി ;കെ.എസ്.ആര്‍.ടി.സി 250 ബസുകള്‍ സര്‍വീസ് റദ്ദാക്കി

ദിവസവരുമാനത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ തുടങ്ങിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഡീസല്‍വിതരണം മുടങ്ങി. എണ്ണക്കമ്പനികള്‍ക്ക് പണമടയ്ക്കുന്നത് നിര്‍ത്തിവെച്ചതോടെയാണ് ഡീസല്‍വിതരണം പ്രതിസന്ധിയിലായത്. ബുധനാഴ്ച വടക്കന്‍, മധ്യ മേഖലകളില്‍ ഇന്ധനമില്ലാത്തതിനാല്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കി. ഡീസല്‍ കുറവുണ്ടെങ്കില്‍ വരുമാനമില്ലാത്ത റൂട്ടുകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിരുന്നു. മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് ചൊവ്വാഴ്ചത്തെ വരുമാനം. ബാങ്ക് ഓവര്‍ഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം ദിവസവരുമാനത്തില്‍നിന്നാണ് നല്‍കിയത്. കഴിഞ്ഞ മൂന്നുദിവസമായി എണ്ണക്കമ്പനികള്‍ക്ക് പണം അടച്ചിട്ടില്ല. 10 കോടി രൂപയോളം കുടിശ്ശികയുണ്ട്. സര്‍ക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
കടുത്ത പ്രതിസന്ധിയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂര്‍ണമായി നല്‍കിയിട്ടില്ല. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജില്ലതിതിരിച്ചാണ് ശമ്പളം നല്‍കുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നല്‍കാനുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും ശമ്പളം നല്‍കേണ്ടതുണ്ട്. ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ 10 കോടി രൂപയോളം വേണം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കൃത്യമായി ലഭിക്കാത്തതാണ് മാനേജ്മെന്റിനെ വലയ്ക്കുന്നത്. കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവിനായി മാസം 30 കോടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. സാമ്പത്തികപ്രതിസന്ധി തരണംചെയ്യാന്‍ സാമ്പത്തികസഹായം 50 കോടി രൂപയായി വര്‍ധിപ്പിക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു.ഇക്കാര്യം അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. രക്ഷാപാക്കേജിന് അന്തിമരൂപംനല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂണിയനുകളുമായി ചര്‍ച്ചനടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും യോഗം നടന്നിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *