തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു. കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ 40 ഡിഗ്രിക്ക് അടുത്താണ് പകൽ താപനില. വെള്ളിയാഴ്‌ച കണ്ണൂർ വിമാനത്താവളത്തിൽ 39.5 ഉം ചെമ്പേരിയിൽ 39.3ഉം ആറളത്ത് 38.9ഉം ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുമെന്നാണ് റിപ്പോർട്ട്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
● പകൽ 11 മുതൽ മൂന്നുവരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുത് ● ജലം പാഴാക്കരുത്. കുടിവെള്ളം കൈയിൽ കരുതണം ● ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കണം ● പകൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കണം ● അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രം ധരിക്കണം ● പാദരക്ഷ ധരിക്കണം. കുടയോ തൊപ്പിയോ ഉചിതം ● കാട്ടുതീ തടയാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം ● വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധജലവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം ● പുറത്തുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം ● കഠിന ജോലികളിൽ ഏർപ്പെടുന്നവർ വിശ്രമം ഉറപ്പ് വരുത്തണം ● ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്. വെയിലത്ത് കെട്ടിയിടരുത്. ഇവയ്‌ക്ക് വെള്ളം ഉറപ്പാക്കുക ● കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ നിർത്തിയിട്ട വാഹനങ്ങളിലാക്കി പോകരുത് ● അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം