സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ കണ്ണൂർ വൈസ് ചാൻസിലർ കോടതിയെ സമീപിക്കുന്നത് ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധവുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പറഞ്ഞു.അസോസിയേറ്റ് പ്രൊഫസ്സർ നിയമത്തിൽ സർവ്വകലാശാലയുടെ തീരുമാനം പ്രഥമദൃഷ്ട്യ തെറ്റാണെന്നു ബോധ്യപ്പെട്ടത് കൊണ്ടാണു സർവ്വകലാശാല നിയമത്തിലെ വകുപ്പ് 7.3 പ്രകാരം അന്വേഷണം നടത്താനും മേൽനടപടികൾ മരവിപ്പിക്കാനും ചാൻസിലർ ഉത്തരവിട്ടത്. ചാൻസിലരുടെ ഉത്തരവിനെതിരെ സർവ്വകലാശാലയുടെ ഏത് ചട്ടപ്രകാരമാണു വിസി കോടതിയെ സമീപിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കണം. ഇതിന് സർവ്വകലാശാലയുടെ ഒരു ചട്ടവും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല ഇത് അനുചിതമായ നിലപാടുമാണ്. സമാനമായ മറ്റൊരു സംഭവത്തിൽ കലാമണ്ഡലം വിസി ചാൻസിലർക്കെതിരെ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഇടപെട്ട് തടഞ്ഞ കാര്യം ആരും മറന്നിട്ടില്ല. ഇതേ സാഹചര്യമാണിപ്പോഴത്തേതും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനക്കാര്യമായതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ കണ്ണടക്കാൻ ശ്രമിക്കുന്നത്. ഇത് സർവ്വകലാശാലകളുടെ വിശ്വാസ്യതയേയും ഭരണ സംവിധാനത്തെയും തകർക്കുമെന്നു ചെന്നിത്തല മുന്നറിയിപ്പ് നൽകി.