KeralaNews

കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ : ഉപാധിവച്ച് ഗെലോട്ട്‌ ; മുഖ്യമന്ത്രിപദം ഒഴിയാൻ ഒരുക്കമല്ല

ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തിറങ്ങാൻ ഒരു ദിവസംമാത്രം ശേഷിക്കെ പുതിയ പ്രസിഡന്റ്‌ ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതിന്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ ഉപാധികൾ മുന്നോട്ടുവയ്‌ക്കുന്നത് ഹൈക്കമാൻഡിനെ വെട്ടിലാക്കി. മത്സരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിപദം ഒഴിയാൻ ഗെലോട്ട്‌ ഒരുക്കമല്ല.  പ്രസിഡന്റ്‌ പദവിയും മുഖ്യമന്ത്രിസ്ഥാനവും ഒന്നിച്ചുവേണമെന്ന നിലപാടാണ്‌ ഗെലോട്ടിന്‌. എതിരാളിയായ സച്ചിൻ പൈലറ്റ്‌ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നതാണ് ​ഗെലോട്ടിന്റെ ആശങ്കയ്ക്ക് കാരണം.

ചൊവ്വ രാത്രി വൈകി ഗെലോട്ട്‌ എംഎൽഎമാരുടെ യോഗം വിളിച്ചു. ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സച്ചിൻ പൈലറ്റിന്റെ അസാന്നിധ്യത്തിലാണ് യോഗം.  പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പത്രിക സമർപ്പിക്കാൻ സോണിയ ഗെലോട്ടിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.   ആശയക്കുഴപ്പം തുടരുന്നതിനാല്‍ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി. ശശി തരൂരിനെ മുൻനിർത്തി മത്സരത്തിനുള്ള ഒരുക്കത്തിലാണ്‌ ജി–-23 വിഭാഗം. രാഹുൽ വിട്ടുനിൽക്കുകയും ഗെലോട്ട്‌ താൽപ്പര്യമില്ലാതെ മത്സരരംഗത്തേക്ക്‌ വരുന്നതും പരമാവധി അനുകൂലമാക്കാനാണ്‌ ജി–-23 ശ്രമം. 

തരൂരിനെ തള്ളി ജയ്‌റാം രമേശ്‌
കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാൻ അനുമതി തേടി സോണിയ ഗാന്ധിയെ കണ്ട ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച്‌ മാധ്യമവിഭാഗം തലവൻ ജയ്‌റാം രമേശ്‌. മത്സരിക്കാൻ ആരും ആരുടെയും സമ്മതം വാങ്ങേണ്ട ആവശ്യമില്ലെന്നും പ്രത്യേകിച്ച്‌ പാർടി നേതൃത്വത്തിന്റെ സമ്മർദം വേണ്ടെന്നും ജയ്‌റാം രമേശ്‌ ട്വീറ്റ്‌ ചെയ്‌തു.  മത്സരത്തിന്‌ തരൂർ സജ്ജമാകുന്നെന്ന്‌ വ്യക്തമായതോടെയാണ്‌ വിമർശവുമായി ജയ്‌റാം രമേശ്‌ രംഗത്തുവന്നത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *