കൊല്ലം : ടെലികോം മേഖലയിൽ സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കെ – ഫോണിന്റെ സേവനം ജില്ലയിൽ ആരംഭിച്ചു. വിദ്യാലയങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, കെഎസ്ഇബി എന്നിവയടക്കമുള്ള 1877 സ്ഥാപനങ്ങളിലാണ് കണക്ഷൻ നൽകിയത്. ആദ്യഘട്ടമായി ജില്ലയിലെ 2065 ഓഫീസുകളെയാണ് കെ–-ഫോണുമായി ബന്ധിപ്പിക്കേണ്ടത്. ബാക്കി സ്ഥാപനങ്ങളിൽ സേവനം നൽകുന്നതിനുള്ള നടപടി ദ്രുതഗതിയിലാണ്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന സംയുക്ത സംരംഭമാണ് കെ –ഫോൺ സേവനം. കെഎസ്ഇബി സബ് സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലൂടെയുള്ള ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കൽ 100 ശതമാനം പൂർത്തിയായി. 188.58 കിലോമീറ്ററാണ് വയർ സ്ഥാപിച്ചത്. വൈദ്യുതി പോസ്റ്റുകളിലൂടെയുള്ള എഡിഎസ്എസ് ഒഎഫ്സി കേബിളുകൾ സ്ഥാപിക്കുന്ന ജോലി 97 ശതമാനം പൂർത്തീകരിച്ചു. 1933 കിലോമീറ്ററിൽ 1882 കിലോമീറ്ററാണ് സ്ഥാപിച്ചത്. പോപുകളിൽ (പോയിന്റ് ഓഫ് പ്രസൻസ്) 26 എണ്ണവും പൂർത്തിയായി.
ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 500 ഗാർഹിക കണക്ഷൻ
ഇന്റർനെറ്റ് പൗരന്റെ അടിസ്ഥാനാവകാശമെന്ന പ്രഖ്യാപനത്തോടെ ആദ്യഘട്ടത്തിൽ ജില്ലയിലെ 11 മണ്ഡലത്തിലും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 500 കുടുംബങ്ങൾക്ക് വീതമാണ് സൗജന്യ ഇന്റർനെറ്റ് എത്തുക. സെക്കൻഡിൽ 10 മുതൽ 15 എംബിപിഎസ് വേഗത്തിൽ ദിവസം ഒന്നര ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബറോടെ ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസിലും കെ–-ഫോൺ എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഡിവിഷൻ, സെക്ഷൻ ഉൾപ്പെടെയുള്ള 29 ഓഫീസിൽ കണക്ഷൻ നൽകി.