തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടില്‍ എത്തിയില്ല.
നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസല്‍ അടിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തി.
നേരത്തെ നല്കിയ 123 കോടി രൂപയുടെ സഹായ അഭ്യര്‍ത്ഥന പിന്‍വലിച്ച് കെഎസ്ആര്‍ടിസി സര്‍ക്കാറിന് പുതിയ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 103 കോടി രൂപയുടെ പുതിയ അഭ്യര്‍ത്ഥനയാണ് സര്‍ക്കാറിന് മുന്നില്‍ വെച്ചത്.
ഇതില്‍ 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പളവിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.