Sports

ഏകദിനത്തില്‍ ത്രസിപ്പിക്കുന്ന ജയം ; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ബുമ്ര

ഓവല്‍: ട്വന്റി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ.
ഇംഗ്ലിഷ് ബാറ്റര്‍മാരെ എറിഞ്ഞൊതുക്കിയാണ് ഇന്ത്യയുടെ വിസ്മയ വിജയം നേടിയത്. ലണ്ടനിലെ കെന്നിങ്ടന്‍ ഓവലില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട്, 25.2 ഓവറില്‍ വെറും 110 റണ്‍സിന് എല്ലാവരും പുറത്തായി. 32 പന്തില്‍ ആറു ഫോറുകളോടെ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ പേസര്‍മാരാണെന്ന പ്രത്യേകതയുമുണ്ട്. ഇത് ആറാം തവണയാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാമത് ബോള്‍ ചെയ്യുമ്പോള്‍ ഇതാദ്യവും.
ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിനു പുറത്താകുമെന്ന തോന്നലുയര്‍ന്നെങ്കിലും, ഒന്‍പതാം വിക്കറ്റില്‍ ഡേവിഡ് വില്ലി ബ്രൈഡന്‍ കേഴ്‌സ് സഖ്യം കൂട്ടിച്ചേര്‍ത്ത 35 റണ്‍സാണ് ആതിഥേയരെ രക്ഷിച്ചത്. 2001ലെ നാറ്റ്വെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയക്കെതിരെ 86 റണ്‍സിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം. വെറും 68 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ടു വിക്കറ്റില്‍ ചേര്‍ത്തത് 42 റണ്‍സ്! അതേസമയം, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ഏകദിന സ്‌കോറാണിത്. 2006ല്‍ ജയ്പുരില്‍ 125 റണ്‍സെടുത്തതായിരുന്നു മുന്‍പ് മോശം പ്രകടനം.
ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 7.2 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍ സഹിതം 19 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടേത്, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്. മുഹമ്മദ് ഷമി ഏഴ് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ അഞ്ച് ഓവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യന്‍ നിരയില്‍ യുസ്വേന്ദ്ര െചഹല്‍ എറിഞ്ഞത് രണ്ട് ഓവറുകള്‍ മാത്രം.
ഇംഗ്ലിഷ് നിരയില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കു പുറമെ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. മോയിന്‍ അലി (18 പന്തില്‍ രണ്ടു ഫോറുകളോടെ 14), ഡേവിഡ് വില്ലി (26 പന്തില്‍ മൂന്നു ഫോറുകളോടെ 21), ബ്രൈഡന്‍ കേഴ്‌സ് (26 പന്തില്‍ രണ്ടു ഫോറുകളോടെ 15) എന്നിവര്‍. റീസ് ടോപ്‌ലി ഏഴു പന്തില്‍ ഒരു സിക്‌സ് സഹിതം ആറു റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിലെ ഏക സിക്‌സര്‍ കൂടിയാണിത്.
ഓപ്പണര്‍ ജെയ്‌സന്‍ റോയി (0), ജോ റൂട്ട് (0), ബെന്‍ സ്റ്റോക്‌സ് (0) എന്നിവര്‍ പൂജ്യത്തിനു പുറത്തായത് ഇംഗ്ലണ്ടിന് നാണക്കേടായി. ഇംഗ്ലിഷ് നിരയില്‍ ടോപ് ഓര്‍ഡറിലെ ആദ്യ നാലു ബാറ്റര്‍മാരില്‍ മൂന്നു പേരും ഒരു മത്സരത്തില്‍ പൂജ്യത്തിനു പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനു മുന്‍പ് 2018ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡില്‍ ജെയ്‌സന്‍ റോയി, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ എന്നിവര്‍ പൂജ്യത്തിനു പുറത്തായതാണ് ആദ്യ സംഭവം.
ജോണി ബെയര്‍‌സ്റ്റോ (20 പന്തില്‍ ഏഴ്), ക്രെയ്ഗ് ഓവര്‍ട്ടന്‍ (ഏഴു പന്തില്‍ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഇന്ത്യന്‍ നിരയില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏകദിനത്തില്‍ 150 വിക്കറ്റ് നേട്ടം പിന്നിട്ടു. ഇതോടെ, ഏറ്റവും കുറഞ്ഞ പന്തുകള്‍ എറിഞ്ഞ് 150 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ബോളറുമായി ഷമി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *