തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിക്കുന്നതിനിടെ, എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ പുതിയ തിരക്കഥ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം കേസ് അന്വേഷിക്കുന്ന ക്രൈംബാഞ്ച് സംഘം യൂത്ത് കോൺഗ്രസുകാരെ പ്രതിചേർക്കാൻ ഒരുങ്ങുകയാണ്. ഇന്ന് തലസ്ഥാനത്തെ ഡിവൈഎഫ്ഐ നേതാക്കളെയും ചില മാധ്യമ പ്രവർത്തകരെയും വിളിച്ച് ക്രൈംബ്രാഞ്ച് സംഘം ഈ വിവരം കൈമാറി. കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പുതിയ നീക്കം. അതേസമയം, ചില സംശയങ്ങളുണ്ടെങ്കിലും ഇവർക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയിൽ കഴക്കൂട്ടം സ്വദേശിയായ ഒരാൾ പങ്കെടുത്തുവെന്നും അയാൾ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നേരത്തെ പൊലീസ് ഇവരുടെ മൊഴിയെടുത്തപ്പോൾ വൈരുധ്യം കണ്ടെത്തിയത്രെ. ഇവരിൽ ഒരാളുടെ ബന്ധുവിന് അക്രമി എത്തിയ അതേ മോഡലിലുള്ള ഒരു സ്കൂട്ടർ ഉണ്ടത്രെ. എന്നാൽ, പൊലീസ് സംശയിക്കുന്നവർ സംഭവ സമയം സ്ഥലത്തുണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ പോലും സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. രാഹുല്‍ ഗാന്ധിയുടെ യാത്ര കേരളത്തിലൂടെ പോകുന്ന സമയത്ത് പ്രതികളെന്നാരോപിച്ച് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്യാൻ കഴിയുമോയെന്നാണ് ആഭ്യന്തര വകുപ്പ് നോക്കുന്നത്. ഇതിന്റെ ഭാഗമായി സംശയിക്കുന്ന രണ്ടു പേരെയും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്തേക്കും.
പ്രതികളെക്കുറിച്ചുള്ള സംശയം അന്വേഷണ സംഘം പുറത്തുവിട്ടതിന് പിന്നാലെ ആരോപണങ്ങളുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതൃത്വത്തിന് പങ്കുണ്ടെന്നാണ് വാർത്താസമ്മേളനം നടത്തിയ ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചത്. പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതികളെ രണ്ടുമാസമായിട്ടും പിടികൂടാത്തത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായ പശ്ചാത്തലത്തിലാണ് രാഹുൽഗാന്ധിയുടെ യാത്ര കടന്നുപോകുന്ന വേളയിൽ വിചിത്ര വിശദീകരണവുമായി ക്രൈംബ്രാഞ്ച് രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, എകെജി സെന്ററിന് നേരെയുള്ള ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. കുറ്റം ആരുടെയെങ്കിലും തലയിൽ ചാർത്തി രക്ഷപ്പെടാനുള്ള നീക്കമാണിപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.