തിരുവനന്തപുരം: സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിന്റെ തുടര്‍ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിനും മെല്ലെപ്പോക്ക്. കേസ് ക്രൈംബ്രാഞ്ചിന് വിട്ട് നാല് ദിവസമായിട്ടും അന്വേഷണസംഘം രൂപീകരിച്ചില്ല. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ്
കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കൈകഴുകിയിരുന്നു.
ആക്രമണത്തിലെ യഥാർഥ പ്രതിയിലേക്കുള്ള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആഭ്യന്തരവകുപ്പിന്റെ ഉദാസീനതയെന്നതാണ് ശ്രദ്ധേയം.
സ്ഫോടക വസ്തു എറിഞ്ഞതാരാണെന്നു കണ്ടെത്താന്‍ പൊലീസിന്റെ പ്രത്യേകസംഘം 23 ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഉയര്‍ന്ന ആക്ഷേപങ്ങളെയെല്ലാം നേരിടാനാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. അതിന് ശേഷം രണ്ട് പ്രവൃത്തി ദിവസമടക്കം കഴിഞ്ഞിട്ടും കേസ് അന്വേഷിക്കേണ്ട ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചില്ല.
ക്രൈംബ്രാഞ്ചിന് കേസ് കൈമാറാന്‍ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഇതോടെ ചുരുക്കത്തില്‍ സര്‍ക്കാര്‍ അഭിമാന പ്രശ്നമായി കണ്ടിരുന്ന കേസിന്റെ അന്വേഷണം മൂന്ന് ദിവസമായി നിലച്ചിരിക്കുകയാണ്. സ്ഫോടക വസ്തു എറിഞ്ഞയാളെ സഹായിച്ചെന്നു കരുതി കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതോടെ കേസ് അന്വേഷണം വഴിതെറ്റിയെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
രണ്ടാം പ്രതിയെന്നു സംശയിച്ച രാജാജി നഗര്‍ സ്വദേശിയെ സിപിഎം ബന്ധം കാരണമാണ് വിട്ടയച്ചതെന്നും ഇതോടെ യഥാർഥ പ്രതിയെ ഇനി പിടികൂടാന്‍ സാധ്യതയില്ലെന്നുമാണ് ആരോപണം ഉയരുന്നത്. അതിനിടയിലാണ് അന്വേഷണം ശക്തിപ്പെടുത്താനെന്ന പേരില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങും മുന്‍പേ ഇഴയുന്നത്. എന്തുകൊണ്ടാണ് അന്വേഷണസംഘം രൂപീകരിക്കാത്തത് എന്നതിന് ക്രൈംബ്രാഞ്ചിന് മറുപടിയൊന്നുമില്ലെന്നതാണു ശ്രദ്ധേയം.
അതേസമയം, എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുായി സിപിഎം നേതാവിന് ബന്ധമുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐ.പി ബിനു മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു