ന്യൂഡൽഹി : ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് ഓപ്‌ഷൻ നൽകുന്നതിനുള്ള ലിങ്ക് എത്തി. അർഹതയുള്ളവർക്ക് ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്‌ഷൻ തെരഞ്ഞെടുക്കാൻ സുപ്രീംകോടതി അനുവദിച്ച കാലാവധി മാർച്ച് നാലിന് അവസാനിക്കും. എന്നാൽ മെയ് നാല് വരെ ഇതുവഴി ഓപ്‌ഷൻ നൽകാമെന്നാണ് ലിങ്കിൽ നൽകിയിട്ടുള്ള വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യാം
ലിങ്ക് വന്നെങ്കിലും ജീവനക്കാരും തൊഴിലുടമകളും ഓപ്‌ഷൻ നൽകലും രേഖകൾ സമർപ്പിക്കലും പരാതികൾ പരിഹരിക്കലും ഉൾപ്പെടെ നൂലാമാലകൾ ഏറെയുണ്ട്. അർഹതയുള്ള ലക്ഷക്കണക്കിന് ജീവനക്കാർക്ക് മുഴുവൻ ഓപ്‌ഷൻ തെരഞ്ഞെടുക്കാനുള്ള സാവകാശം സുപ്രീംകോടതി പറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കാനിടയില്ല.
ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്‌ഒ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് രാവിലെ ലിങ്ക് ലഭ്യമാക്കിയത്. സുപ്രീംകോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കാൻ ഇപിഎഫ്‌ഒ അധികൃതർക്ക് നൽകിയിട്ടുള്ളതാണ് നാലു മാസം കാലാവധി. എന്നാൽ, അതിനെ ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്‌ഷൻ തെരഞ്ഞെടുക്കാനുള്ള കാലാവധിയായിട്ടാണ് മുഖ്യധാരാമാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. ജീവനക്കാർക്ക് അവകാശപ്പെട്ട ഉയർന്ന പിഎഫ്‌പെൻഷൻ അനുവദിക്കുന്നതില്‍ മോദിസർക്കാരിനുള്ള കടുത്ത എതിർപ്പാണ് കാലതാമസത്തിന് കാരണം.
ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ കേരള ഹൈക്കോടതിയുടെയും അത് ശരിവച്ച സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കെതിരെ വീണ്ടും കോടതിയിൽ പോയി ജീവനക്കാരെ ദ്രോഹിച്ച കേന്ദ്രസർക്കാർ ഇപ്പോൾ ഉത്തരവ് നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കുന്നു.