പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, ആസൂത്രകനും ഏജന്റുമായ പെരുമ്പാവൂർ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെയാകും കോടതിയിൽ ഹാജരാക്കുക. അരുംകൊല ചെയ്യപ്പെട്ട പത്മിനി, റോസലി എന്നിവരുടെ മൃതദേഹങ്ങൾ ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു.
ഇവയിൽ നിന്ന്ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തമിഴ്നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബർ 26നാണ് കാണാതാകുന്നത്. തമിഴ്നാട് സ്വദേശിയായ ഇവർ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങൾ പുറത്തുവരാൻ കാരണമായത്.
ജൂൺ ആറിനാണ് റോസ്ലിയെ കാണാതാകുന്നത്. ഓഗസ്റ്റ് 17ന് മകൾ പൊലീസിൽ പരാതി നൽകി. സെപ്റ്റംബർ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.