KeralaNews

ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്

കൊച്ചി: ജൂൺ 13 നു മുഖ്യമന്ത്രിക്കെതിരേ ഇൻഡി​ഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ കൂടുതൽ കുറ്റം ചെയ്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനാണെന്ന് വിമാനക്കമ്പനി. ഇക്കാര്യം പരി​ഗണിച്ച് അദ്ദേഹത്തിനു ഇൻഡി​ഗോ വിമാനങ്ങളിൽ മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി ഇൻഡി​ഗോ അധികൃതർ. കമ്പനിയുടെ സുരക്ഷാ വിഭാ​ഗം നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടർന്നാണു നടപടി. വിമാനത്തിനുള്ളിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തു എന്നാണ് ജയരാജനെതിരേ ഉയർന്ന ആരോപണം. അതേ സമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു രണ്ടാഴ്ചത്തെ യാത്രാ വിലക്കും ഏർപ്പെടുത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ (34), മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദ്(28) എന്നിവരാണ് പ്രതിഷേധിച്ചത്.
കഴിഞ്ഞ മാസം 13നായിരുന്നു അസാധാരണ പ്രതിഷേധത്തിന് ഇൻഡി​ഗോ വിമാനം സാക്ഷിയായത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷേിന്റെ അതീവ ​ഗുരുതരമായ വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതിപക്ഷ കക്ഷികൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ ഭാ​ഗമായി യൂത്ത് കോൺ​ഗ്രസും സമരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ വഴിയിൽ പലേടത്തും കരിങ്കൊടി കാണിച്ചു. തുടർന്ന് കറുത്ത മാസ്ക് ധരിച്ചെത്തുന്നനരെപ്പോലും പൊലീസ് വേട്ടയാടി. അതിനിടെയാണ് കണ്ണൂരിൽ പൊതു പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്കു വിമാനത്തിൽ വരികയായിരുന്ന മുഖ്യമന്ത്രിയെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. അഴിമതിയും കൊള്ളയും നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം മാത്രമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. അവരുടെ കൈയിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ, വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കു ജനകീയ പ്രതിരോധം കാണേണ്ടിവരുമെന്ന ശക്തമായ സന്ദേശം കൊടുക്കാൻ അന്നത്തെ സമരത്തിനു കഴിഞ്ഞു.
അതേ സമയം, മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇടതു കൺവീനർ ഇ.പി. ജയരാജൻ തടഞ്ഞു. ശക്തിയായി തള്ളുന്നതിനിടെ രണ്ടു പേരും നിലത്തു വീണു. വിമാനത്തിനുള്ളിൽ തങ്ങളുടെ ഉപയോക്താക്കളായ യാത്രക്കാരെ കൈയേറ്റം ചെയ്തതിനാണ് ജയരാജനു കൂടുതൽ ശിക്ഷ നൽകിയതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
അതിനിടെ മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ നടന്ന പ്രതിഷേധം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം ഇഴയുകയാണ്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജേഷ് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാവും അന്വേഷണം നടക്കുക. കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസി.കമ്മീഷണർ പി കെ പൃഥ്വിരാജ്, വലിയതുറ എസ്എച്ച്ഒ ഡി സതികുമാർ, കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പി എ ബിനുമോഹൻ, മട്ടന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവരടങ്ങുന്നതാണ് സംഘം. ഇവരുടെ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *