മൈസൂരു: നമ്മുടെ പൂർവസൂരികളായ നേതാക്കൾ നേടിയ രാഷ്ട്രീയ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ 25ാം ദിവസമായ ഇന്ന് ഗാന്ധി ഗ്രാമമായ ബദനുവാലു സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദഹം ഇക്കാര്യം ഓർമിപ്പിച്ചത്. രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ സത്ത കഴിഞ്ഞ എട്ടു വർഷമായി ചോർന്നു പോയിരിക്കുന്നു. അഹിംസയും ഏകത്വവും തുല്യതയുമാണ് ഗാന്ധിജിയിലൂടെ നാം നേടിയെടുത്ത നേട്ടങ്ങൾ. ഇന്ത്യയടെ എക്കാലത്തെയും മഹാനായ പുത്രന്റെ 153ാം ജന്മദിനമാണിന്ന്. ഈ ദിനത്തിൽ ഗാന്ധിസത്തെത്തന്നെ ഇല്ലാതാക്കിയ ആശയഗതികൾക്കെതിരേയാണ് നമ്മുടെ പോരാട്ടം. എന്തു വില കൊടുത്തും അഹിംസയും സത്യസന്ധതയും ഐക്യവും നിലനിർത്തുമെന്ന് പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന ഭാരത് ജോഡോ യാത്ര മുന്നോട്ടു വയ്ക്കുന്ന സന്ദേശവും ഇതു തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.