തിരുവനന്തപുരം: ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനമാണ്. മാനസികവും ശാരീരികവുമായ ക്ഷേമത്തെ ഉയർത്തുന്ന യോഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ജമ്മു കാശ്മീർ സന്ദർശന പരിപാടിയ്‌ക്ക് വ്യാഴാഴ്ച തുടക്കമാകും. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ജൂൺ 21 ന് ശ്രീനഗറിൽ നടക്കുന്ന യോഗ പരിപാടിയ്‌ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും. ഒപ്പം 80 ലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ദാൽ തടാകത്തിന്റെ തീരത്ത് നടക്കുന്ന പത്താമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം 7,000-ത്തിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്.