തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ച് സീറ്റ് ലഭിക്കുമെന്ന് ആവർത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കർ. ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും വലുതും എല്ലാ സ്ഥലത്തും പ്രാതിനിധ്യവുമുള്ള രാഷ്ട്രീയ പാർട്ടിയാകും. 400 സീറ്റ് നേടി മൂന്നാം തവണയും മോദി രാജ്യം ഭരിക്കും. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. മൂന്നാമത്തെ ശക്തിയായി എൻ ഡി എ കേരളത്തിൽ മാറിയെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ 20 ശതമാനം വോട്ട് കേരളത്തിൽ നേടുമെന്ന് ജാവേദ്കർ അവകാശപ്പെട്ടു. കോൺഗ്രസിന് 20 സീറ്റും നേടാനാകുമെന്ന കണക്കൊക്കെ തെറ്റും. പല പ്രമുഖരും വീഴും. തിരുവനന്തപുരത്ത് ശശി തരൂരിനെ വീഴ്ത്തി രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നത് 100 ശതമാനം ശരിയാണെന്നും ജാവേദ്കർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് 3.60 ലക്ഷം വോട്ടുകൾ പിടിക്കും. 12000 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിക്കുമെന്നും ബി ജെ പി നേതൃ യോഗം വിലയിരുത്തി. നേമത്ത് ഇരുപതിനായിരത്തിനു മുകളിലും വട്ടിയൂർക്കാവിൽ പതിനയ്യായിരത്തിനു മുകളിലും ലീഡ് ലഭിക്കും.
തൃശൂരിൽ 4 ലക്ഷം വോട്ടുകൾ സുരേഷ് ഗോപിക്ക് പിടിക്കാനാകും. തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനം നേടും. നാട്ടിക, പുതുക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം ലഭിക്കും. ആറ്റിങ്ങലിൽ വി മുരളീധരന് 3 ലക്ഷം വോട്ടുകൾ നേടാനാകുമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ നേടിയ 2.97 ലക്ഷം വോട്ടിനെ മറികടക്കാൻ അനിൽ ആന്റണിക്ക് സാധിക്കുമെന്നും യോഗം വിലയിരുത്തി.
കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ യോഗത്തിന് ശേഷം പ്രതികരിച്ചു. കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തു. ഇരു മുന്നണികളുടെയും വർഗീയ വിഭജന രാഷ്ടീയം തള്ളി മോദിയുടെ ഗ്യാരണ്ടി ജനം ഏറ്റെടുത്തു.