തിരുവനന്തപുരം: സൂര്യതാപമേറ്റ് കേരളത്തില്‍ വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് ഇന്ന് മരണപ്പെട്ടത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. കോഴിക്കോട് ജില്ലയിക്ക് പുറമെ മലപ്പുറത്തും സൂര്യതാപമേറ്റുള്ള മരണം ഇന്നുണ്ടായിട്ടുണ്ട്. കല്‍പ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഹനീഫയും വ്യാഴാഴ്ച രാവിലെയോടെ മരിച്ചു.
സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് ഇന്നും തുടരുന്നുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ടായിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ഈ മണിക്കൂറുകളിൽ പുറം വിനോദങ്ങൾക്കും ജോലികൾക്കും ഈ മണിക്കൂറുകളിൽ വിലക്ക് ഉണ്ട്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്നും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നും റിപ്പോർട്ടുണ്ട്. ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.
എങ്കിലും നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയണ് വിളിച്ചിരുന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടർമാർ യോഗത്തിൽ വിശദീകരിച്ചിരുന്നു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.