കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടംനേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. നാനോ വസ്തുക്കളുടെ ഉൽപ്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണപഠനങ്ങളിലാണ് ഡോ. മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2005-ലാണ് എംഎ കോളേജിൽ അസിസ്‌റ്റന്റ് പ്രൊഫസറായി രസതന്ത്രവിഭാഗത്തിൽ പ്രവേശിക്കുന്നത്. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവന നൽകിയിട്ടുള്ള ഗവേഷകയും ഒരു പേറ്റന്റിന് ഉടമയുമാണ് ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നേട്ടം. കോതമംഗലം എംഎ എൻജിനിയറിങ് കോളേജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയാണ്. വിദ്യാർഥിനികളായ അഞ്ജലി, അലീന എന്നിവർ മക്കളാണ്.