Kerala

ബദിയടുക്ക അപകടത്തിന്‌ കാരണം സ്‌കൂൾ ബസിന്റെ അമിതവേഗമെന്ന്‌ സംഭവം കണ്ട നാട്ടുകാർ

ബദിയടുക്ക : നാടിനെ നടുക്കിയ വാഹനാപകടത്തിന്‌ മുഖ്യ കാരണമായത്‌ സ്‌കൂൾ ബസിന്റെ അമിതവേഗമെന്ന്‌ സംഭവം കണ്ട നാട്ടുകാർ. വൈകിട്ട്‌ 5.10ന്‌ പെർല ഭാഗത്തുനിന്നും ബദിയഡുക്ക ഭാഗത്തേക്ക്‌ കുട്ടികളെ ഇറക്കി മടങ്ങി വരുകയായിരുന്നു മാന്യ ഗ്ലോബൽ പബ്ലിക്‌ സ്‌കൂളിലെ ബസ്‌. മെക്കാഡം ടാറിങായ റോഡാണിത്‌. പള്ളത്തടുക്ക പള്ളി എത്തുന്നതിന്‌ മുമ്പാണ്‌ അപകടം. ഓട്ടോ പെർല ഭാഗത്തുനിന്നും വരികയായിരുന്നു. അൽപം ഇറക്കവും വളവുമുള്ള സ്ഥലത്ത്‌ ബസ്‌ പാഞ്ഞുവന്ന്‌ റിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ഓട്ടോയിലുള്ള ആരും പുറത്തേക്ക്‌ തെറിക്കാതെ ചതഞ്ഞരഞ്ഞു. അഞ്ചുപേരും ഓട്ടോക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന്‌ ശബ്‌ദം കേട്ട്‌ ആദ്യം സംഭവസ്ഥലത്ത്‌ എത്തിയ പള്ളത്തടുക്കയിലെ നിസാർ പറഞ്ഞു. സ്‌ത്രീകൾ നാലുപേരും തൽക്ഷണം മരിച്ചു. ഡ്രൈവർ അബ്ദുൾ റൗഫിനെ വലിച്ച്‌ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. കാസർകോട്‌ ജനറൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോഴേക്കും മരിച്ചു. രണ്ട്‌ ആമ്പുലൻസ്‌ പെട്ടെന്ന്‌ എത്തിച്ച്‌ മൃതദേഹം മാറ്റി. ബാക്കിയുള്ളവ അൽപം കഴിഞ്ഞാണ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌.

സ്‌കൂൾ ബസ്‌ അമിതവേഗതയിൽ പായുന്നുവെന്ന്‌ മുമ്പേ പരാതിയുയർന്നതായി നാട്ടുകാർ പറഞ്ഞു. ബസ്‌ പൂർണമായും തെറ്റായ ദിശയിലാണെന്ന്‌ സ്ഥലം സന്ദർശിച്ച മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.. അമിത വേഗത അപകടത്തിന്റെ തീവ്രത കൂട്ടിയതായി അപകടസ്ഥലം സന്ദർശിച്ച മോട്ടോർ വാഹനവകുപ്പ്‌ എൻഫോഴ്‌സമെന്റ്‌ എംവിഐ സാജു ഫ്രാൻസിസും എഎംവിഐ അനിൽകുമാറും പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *