KeralaNews

ടൂറിസംവകുപ്പ്‌ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും.

കൊച്ചി
ടൂറിസംവകുപ്പ്‌ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ജലോത്സവം പകൽ ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും കേരളത്തിന്റെ സവിശേഷതകളെ വിനോദസഞ്ചാരികൾക്കുമുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സിബിഎൽ സംഘടിപ്പിക്കുന്നത്‌.


മുൻ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണ് സിബിഎല്ലിൽ മത്സരിക്കുന്നത്. നടുഭാഗം ചുണ്ടൻ, സെന്റ് പയസ് ടെൻത്, വീയപുരം ചുണ്ടൻ, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നിരണം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി തുടങ്ങിയവയാണിവ.പ്രാദേശിക വള്ളംകളി മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്‌. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങൾ പങ്കെടുക്കും.

മാസ്‌ ഡ്രില്ലോടെ2ന്‌ തുടക്കം
ഉദ്‌ഘാടന സമ്മേളനത്തിനുശേഷം പകൽ രണ്ടിന് മാസ് ഡ്രില്ലോടെ മത്സരങ്ങൾ ആരംഭിക്കും. പ്രാദേശിക വള്ളംകളിയും സിബിഎല്ലിന്റെ ഭാഗമായ ചുണ്ടൻവള്ളങ്ങളുടെ മത്സരവും ഇടവിട്ടാണ്‌ അരങ്ങേറുക. ഇടവേളകളിൽ കലാപരിപാടികൾ അവതരിപ്പിക്കും. ഫ്ലാഷ് മോബും സാംസ്‌കാരിക പരിപാടികളും  നേവിയുടെ ബാൻഡും അഭ്യാസപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്‌. ആദ്യം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ്‌. പ്രാദേശിക വള്ളങ്ങളുടെ ഫൈനലിനുശേഷമായിരിക്കും ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ. ഡിസംബർ ഒമ്പതിന് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെ കൊല്ലത്ത്‌ സിബിഎൽ സമാപിക്കും. 


സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുകയാണ്‌ സിബിഎല്ലിന്റേത്. ആകെ 5.95 കോടി രൂപ. ടൂറിസം മേഖലയിൽ 10,000 കോടി രൂപയുടെ വരുമാനമാണ് സിബിഎല്ലിലൂടെ ലക്ഷ്യമിടുന്നത്‌. 12 കോടി രൂപ സിബിഎല്ലിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്‌.ടൂറിസംവകുപ്പാണ് ചുണ്ടൻവള്ളങ്ങളിലെ തുഴക്കാരുടെ ചെലവ് വഹിക്കുന്നത്. പ്രാദേശിക വള്ളംകളിയുടെ ചെലവ് സംഘാടകസമിതി സ്‌പോൺസർഷിപ് വഴിയാണ് കണ്ടെത്തുന്നത്.

വാർത്താസമ്മേളനത്തിൽ ടി ജെ വിനോദ് എംഎൽഎ, കലക്ടർ എൻ എസ് കെ ഉമേഷ്, സാങ്കേതികസമിതി അംഗങ്ങളായ കെ കെ ഷാജു, ആർ കെ കുറുപ്പ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *