ടോക്യോ: ചന്ദ്രനിലേക്കുള്ള ജപ്പാന്റെ സ്ലിം ലാൻഡർ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുകയാണ് ലക്ഷ്യമെന്ന് ജപ്പാൻ സ്പെയ്സ് ഏജൻസി ജാക്സാ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ തനഗാഷിമാ സ്പെയ്സ് സെന്ററിൽനിന്ന് ആയിരുന്നു വിക്ഷേപണം. സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണുമായി (സ്ലിം ലാൻഡർ) എച്ച്–-ഐഐഎ റോക്കറ്റാണ് കുതിച്ചത്. നക്ഷത്രങ്ങളിലെയും ഗ്യാലക്സികളിലെയും പ്ലാസ്മാ സാന്നിധ്യം പഠിക്കുന്നതിനുള്ള എക്സറേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപ്പി മിഷൻ എന്ന പേടകവും ഇതിനൊപ്പം വിക്ഷേപിച്ചു. നാസ, യൂറോപ്യൻ സ്പെയ്സ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് ഇത്. വിവിധ കാരണത്താൽ ഈ ദൗത്യം മൂന്നു തവണ മാറ്റിവച്ചിരുന്നു. സ്ലിം ലാൻഡർ ദൗത്യം വിജയിക്കട്ടെ എന്ന് ഐഎസ്ആർഒ ആശംസിച്ചു. അതിനിടെ, 2026ൽ ചന്ദ്രനിലേക്ക് ലാൻഡർ അയക്കുമെന്ന് ഓസ്ട്രേലിയൻ സ്പെയ്സ് ഏജൻസി പ്രഖ്യാപിച്ചു.