KeralaNews

നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമല്ല. യാത്രക്കാരുടെ ജീവന്‌ പുല്ലുവില.

ആലപ്പുഴ:നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമല്ല. യാത്രക്കാരുടെ ജീവന്‌ പുല്ലുവില. ആലപ്പുഴ നഗരത്തിലെ സ്വകാര്യബസ് സർവീസ് തോന്നുംപടി. നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തത് മുതലെടുത്താണ് യാത്രക്കാരുടെയും ഇതര വാഹനയാത്രികരുടെയും ജീവന് ഭീഷണി ഉയർത്തി സ്വകാര്യബസുകളുടെ പാച്ചിൽ. ഡോർ അടച്ചുമാത്രമേ യാത്രപാടുള്ളൂ എന്നാണ് നിയമം. എന്നൽ ഇതുപാലിക്കുന്നവർ വിരളം. 
 അപകടങ്ങളും യാത്രാക്കുരുക്കും ഒഴിവാക്കാൻ നഗരസഭാതല ട്രാഫിക്‌ റെഗുലേറ്ററി കമ്മിറ്റി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അത് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസും ആർടി അധികൃതരും അറിയിച്ചതോടെയാണ്‌  ബസുടമകൾ സമരത്തിൽനിന്ന്‌ പിൻവാങ്ങിയത്‌. നിയന്ത്രണം കുറച്ചുദിവസം പാലിച്ചെങ്കിലും ഇപ്പോൾ എല്ലാം പഴയമട്ടായി. സ്‌റ്റോപ്പുകൾ പുനഃക്രമീകരിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്‌ക്കാനും പ്രയോജനപ്പെട്ടിരുന്നു.ഇപ്പോൾ പഴയ സ്‌റ്റോപ്പുകളിലും അനധികൃത സ്‌റ്റോപ്പുകളിലുമാണ് ബസ് നിർത്തുന്നത്. തോന്നുന്ന സ്ഥലത്തെല്ലാം ബസ്‌ നിർത്തുന്നത് അപകടങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. 
 ഇരുമ്പുപാലത്തിന് വടക്കേ കരയിലെ അനധികൃത സ്‌റ്റോപ്പ് നിരന്തരം അപകടമുണ്ടാക്കുന്നു. ഇവിടെ ഇരുചക്രവാഹന യാത്രികനായ യുവാവ് അപകടത്തിൽ മരിച്ചിരുന്നു. കുറച്ചുദിവസം പൊലീസ് ഇടപെട്ടെങ്കിലും ഇപ്പോഴും അനധികൃത സ്‌റ്റോപ്പ് തുടരുന്നു. കല്ലുപാലം, ജില്ലാകോടതി പാലം, ജനറൽ ആശുപത്രി ജങ്‌ഷൻ, ചുടുകാട് ജങ്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പഴയ സ്‌റ്റോപ്പുകളിൽ തന്നെയാണ് ഇപ്പോഴും ബസുകൾ നിർത്തുന്നത്. മത്സരയോട്ടവും അനധികൃത മറികടക്കലും തിരിച്ചെത്തി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *