കൊല്ലങ്കോട്: ഓൺലൈൻ റമ്മികളിച്ച് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായ യുവാവ് തൂങ്ങിമരിച്ചു. പനങ്ങാട്ടിരി അമ്പലപ്പറമ്പ് ഗിരീഷ് (38) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. വടക്കഞ്ചേരിക്കടുത്ത് സ്വകാര്യ ടെക്‌നിക്കൽ കോളേജിൽ ലാബ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന ഗിരീഷ് ഓൺലൈനിൽ റമ്മി കളിച്ചിരുന്നു. നിരവധി വ്യക്തികളുമായി പണമിടപാടുണ്ടായ ഗിരീഷിന് 20 ലക്ഷത്തിലധികം രൂപ ബാധ്യതയുള്ളതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ഭാര്യയും രണ്ടുമക്കളും ഏതാനും ദിവസമായി ഭാര്യയുടെ മാടക്കത്തറയിലെ വീട്ടിലായിരുന്നു. ഗിരീഷിനെ വീടിനുപുറത്ത് കാണാത്തതിനെത്തുടർന്ന് പിതൃസഹോദര പുത്രൻ വന്ന് നോക്കിയപ്പോഴാണ് വീടിനുപിന്നിലെ അടുക്കളയിൽ ഒരു ദിവസത്തിലേറെ പഴക്കംചെന്ന മൃതദേഹം കണ്ടത്. മാസങ്ങൾക്കുമുമ്പ് കടബാധ്യതയുമായി ബന്ധപ്പെട്ട് ഗിരീഷുമായി ബന്ധുക്കൾ ചർച്ച നടത്തിയിരുന്നു. ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ച ഗിരീഷിനെ ബന്ധുക്കൾ പിന്തിരിപ്പിച്ചതായും പറയുന്നു.
ഗിരീഷിന്റെ മൊബൈൽ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് കൊല്ലങ്കോട് സിഐ എ വിപിൻദാസ് പറഞ്ഞു. എസ്‌ഐ എസ് സുധീറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അച്ഛൻ: ചാമിമല. അമ്മ: സരോജിനി. ഭാര്യ: വിശാഖ. മക്കൾ: ആദ്യനാഥ്, അവന്തിക.