അട്ടപ്പാടി : ചരിത്രത്തിൽ ആദ്യമായി കേരളം റിപ്പബ്ലിക് ദിന പരേഡിൽ ഗോത്രനൃത്തം അവതരിപ്പിക്കും. “നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ വിഷയത്തിൽ കേരളം ഒരുക്കുന്ന ടാബ്ലോയുടെ റിഹേഴ്സൽ പൂർത്തിയായി. 96––ാം വയസ്സിൽ നാലാംക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020ലെ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനി അമ്മയെ ട്രാക്ടർ ഭാഗത്തും മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയപുരസ്കാരം നേടിയ നഞ്ചിയമ്മയെ ട്രെയ്ലർ ഭാഗത്തും അവതരിപ്പിക്കും. അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗോത്രകലാമണ്ഡലത്തിൽനിന്നുള്ള എട്ട് കലാകാരികളാണ് ടാബ്ലോയ്ക്ക് നൃത്തം പകരുന്നത്. വിവിധ ഊരുകളിൽനിന്നുള്ള ബി ശോഭ, യു കെ ശകുന്തള, ബി റാണി, കെ പുഷ്പ, സരോജിനി, എൽ രേഖ, വിജയ, എൽ ഗൗരി എന്നിവരാണ് ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. ഇരുള നൃത്തത്തിന്റെ കൊറിയോഗ്രഫി നിർവഹിച്ചത് എസ് പഴനിസ്വാമിയാണ്. തനത് വേഷവിധാനത്തിലാണ് നൃത്താവതരണം. ബേപ്പൂർ റാണി എന്ന് പേരിട്ട് ഉരുമാതൃകയിൽ തയ്യാറാക്കിയ ടാബ്ലോയുടെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിക്കുന്നത്. ടാബ്ലോയിൽ ഗോത്രനൃത്തത്തിനൊപ്പം ശിങ്കാരിമേളവും കളരിപ്പയറ്റും അവതരിപ്പിക്കും. സ്ത്രീകൾ മാത്രമുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തിൽ അവതരിപ്പിച്ചതും നോഡൽ ഓഫീസർ സിനി കെ തോമസാണ്. ഡിസൈനർ റോയ് ജോസഫിന്റെ നേതൃത്വത്തിൽ ബിഭൂതി ഇവന്റ്സ് ആൻഡ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഫ്ലോട്ടൊരുക്കുന്നത്. പാലക്കാട് സ്വദേശി ജിതിനാണ് സൗണ്ട് എൻജിനിയർ. കണ്ണൂർ സ്വദേശി കലാമണ്ഡലം അഭിഷേകാണ് കർത്തവ്യപഥിന് യോജിച്ച വിധം ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത്.