NewsSports

പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി ജർമനി.

ദോഹ:പകരക്കാർ ജർമനിയെ രക്ഷിച്ചു. നിർണായക മത്സരത്തിൽ സ്‌പെയ്‌നിനോട്‌ സമനിലയിൽ പിരിഞ്ഞ ജർമനി ലോകകപ്പിൽ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി. 1–-1നാണ്‌ മത്സരം അവസാനിച്ചത്‌. പിന്നിട്ടുനിന്ന ശേഷമായിരുന്നു മുൻ ചാമ്പ്യൻമാർ സമനില പിടിച്ചത്‌. ഗ്രൂപ്പ്‌ ഇയിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ കോസ്‌റ്ററിക്കയോട്‌ തോറ്റതാണ്‌ ജർമനിയുടെ നിലനിൽപ്പിന്‌ കാരണമായത്‌.

ഗ്രൂപ്പ്‌ ഇയിൽ സ്‌പെയ്‌ൻ നാല്‌ പോയിന്റുമായി ഒന്നാമതാണ്‌. മൂന്ന്‌ വീതം പോയിന്റുള്ള ജപ്പാനും കോസ്‌റ്ററിക്കയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. ആദ്യ കളിയിൽ ജപ്പാനോട്‌ തോറ്റ ജർമനിക്ക്‌ ഒരു പോയിന്റ്‌ മാത്രമാണ്‌. എങ്കിലും അവസാന കളിയിൽ കോസ്‌റ്ററിക്കയെ തോൽപ്പിച്ചാൽ ജർമനിക്ക്‌ സാധ്യതയുണ്ട്‌. ഡിസംബർ ഒന്നിനാണ്‌ മത്സരം. അന്നുതന്നെ സ്‌പെയ്‌ൻ ജപ്പാനെ നേരിടും.  സമനില നേടിയാലും സ്‌പെയ്‌നിന്‌ മുന്നേറാം. ജപ്പാനോട്‌ സ്‌പെയ്‌ൻ ജയിച്ചാൽ ജർമനിക്കും കടക്കാം.

പകരക്കാരനായ അൽവാരോ മൊറാട്ടയിലൂടെ സ്‌പെയ്‌ൻ രണ്ടാംപകുതിയുടെ തുടക്കത്തിൽ മുന്നിലെത്തി. ജർമനിയുടെ സമനില ഗോൾ നേടിയതും പകരക്കാരനാണ്‌. നിക്കളസ്‌ ഫുൾക്രുഗ്‌. ലിറോയ്‌ സാനെയും ജമാൽ മുസിയാലയും നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഫുൾക്രുഗിന്റെ ഗോൾ. അവസാന ഘട്ടത്തിൽ വിജയഗോളിനായി ജർമനി ആഞ്ഞുശ്രമിച്ചെങ്കിലും സ്‌പാനിഷ്‌ പ്രതിരോധം വിട്ടുകൊടുത്തില്ല.

അതേസമയം ജർമനിയെ അട്ടിമറിച്ച മനോഹര സ്വപ്‌നത്തിൽനിന്ന്‌ ജപ്പാൻ ഞെട്ടിയുണർന്നു. ആ ജയത്തിന്റെ മധുരവുമായി കളത്തിലെത്തിയ ജപ്പാൻ കോസ്‌റ്ററിക്കയുടെ ഒറ്റയടിയിൽ വീണു. ആദ്യകളിയിൽ സ്‌പെയ്‌നിനുമുന്നിൽ ഏഴ്‌ ഗോളിന്‌ തോറ്റ കോസ്‌റ്ററിക്കയുടെ ഗംഭീര തിരിച്ചുവരവായി അത്‌. രണ്ട്‌ കളിയിൽ ആകെ ഒരുതവണമാത്രമാണ്‌ കോസ്‌റ്ററിക്ക ലക്ഷ്യത്തിലേക്ക്‌ ഷോട്ട്‌ പായിച്ചത്‌. അത്‌ ഗോളായി. കീഷെർ ഫുള്ളറുടെ വോളി ജപ്പാൻ ഗോൾകീപ്പർ ഷുയിചി ഗോണ്ടയുടെ വിരലുകളിൽതൊട്ട്‌ വലയിൽ പതിഞ്ഞു.

കോസ്‌റ്ററിക്കയെയും കീഴടക്കി മരണഗ്രൂപ്പിൽനിന്ന്‌ മുന്നേറാമെന്ന ജപ്പാന്റെ പ്രതീക്ഷയാണ്‌ തോൽവിയോടെ തുലാസിലായത്‌. സ്‌പെയ്‌നുമായുള്ള തോൽവിയിൽ പാഠംപഠിച്ച കെയ്‌ലർ നവാസിന്റെ കോസ്‌റ്ററിക്ക ജപ്പാനെതിരെ കടുത്ത പ്രതിരോധം തീർത്താണ്‌ കളിപിടിച്ചത്‌. പ്രത്യാക്രമണങ്ങളിൽ അവർ ജപ്പാനെ വിരട്ടി. ജർമനിക്കെതിരെ കളംനിറഞ്ഞ ജപ്പാന്‌ കോസ്‌റ്ററിക്കയ്‌ക്കെതിരെ മുന്നേറ്റത്തിലെ മൂർച്ചക്കുറവ്‌ പ്രശ്‌നമായി.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *