KeralaNews

കേരളത്തിൽ എത്തിയത് ഒരു കോടിയിലധികം സഞ്ചാരികള്‍.

തിരുവനന്തപുരം : ഒമ്പത് മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികളാണെന്ന് മന്ത്രി പി എ മു​ഹമ്മദ് റിയാസ്. ഇത് സർവകാല റെക്കോഡാണ്. എറണാകുളത്താണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയത്‌, 28,93,631 പേർ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്‌. കോവിഡിനു പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനയുണ്ടായി. ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച സംസ്ഥാനത്തെ ജിഡിപി കുതിപ്പിനെയും സഹായിച്ചെന്ന് മന്ത്രി പറഞ്ഞു. റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിങ്‌ സൗകര്യം ഒരുവർഷത്തിൽ 67,000 പേർ പ്രയോജനപ്പെടുത്തി. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്താൻ ഓട്ടോത്തൊഴിലാളികളെയും ക്ലബ്ബിൽ ചേർക്കുന്നത് പരിഗണിക്കും. വിനോദ​സഞ്ചാര പ്രചാരണമാണ് ഇതിന്റെയും ലക്ഷ്യം. വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും.

ബോൾ​ഗാട്ടിയിലും 
കുമരകത്തും 
കാരവൻ പാർക്ക്

ടൂറിസം രംഗത്ത് കാരവൻ പാർക്കുകൾ വ്യാപിപ്പിക്കുന്നു. കെടിഡിസിയുടെ സഹകരണത്തിൽ ബോൾഗാട്ടി പാലസ്, കുമരകം വാട്ടർസ്‌കേപ് എന്നിവിടങ്ങളിലാകും ഇത്‌. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഇടപെടലുണ്ടാകും. മറ്റു വകുപ്പുകളുമായി വിഷയം ചർച്ച ചെയ്യും.

ബേപ്പൂർ മാതൃകയിൽ ഒമ്പതു ജില്ലയിൽ കടൽപ്പാലങ്ങൾ നിർമിക്കും. ഇതിനായി കെടിഡിസിയുമായി ആലോചിക്കുന്നുണ്ട്. ബീച്ച് സ്പോർട്സും നടപ്പാക്കും. മലയോര ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതിലൂടെ ഹൈക്കിങ്, ട്രക്കിങ് സാധ്യതകൾ വിപുലീകരിക്കാൻ‌ ​ഇവിടങ്ങളിലേക്കുള്ള ​ഗൂ​ഗിൾ ലിങ്കുകൾ പങ്കുവയ്ക്കും. ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ നൂറിലധികം പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന തരത്തിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ടൂറിസം ഡയറക്ടർ പി ബി നൂഹ്‌  പങ്കെടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *