KeralaNews

ഋഷി സുനികിന് അഭിനന്ദനങ്ങളുമായി മോദി; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനികിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. 

‘ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടണിലെ ഇന്ത്യാക്കാർക്ക് ദീപാവലി ആശംസകൾ നേരുന്നു’ എന്ന് അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ബ്രിട്ടന്‍റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് നാല്പത്തിരണ്ടുകാരനായ ഋഷി സുനക്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ പെന്നി മോര്‍ഡന്‍റ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പിച്ചത്.

100 എംപിമാരുടെ പിന്തുണ പോലും നേടാന്‍ എതിരാളിയായ പെന്നി മോര്‍ഡന്റിന് സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് പെന്നി മോര്‍ഡന്‍റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 190 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് നൂറ് എംപിമാരുടെയെങ്കിലും പിന്തുണ നേടണം. നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാർഥിയാണ് ഋഷി സുനക്. 

ചുമതലയേറ്റ് 45 –ാം ദിവസം ലിസ് ട്രസ് രാജിവച്ചതോടെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് സ്ഥാനാർഥിത്വത്തിന് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *