KeralaNews

ശബരിമലയിൽ മണ്ഡലകാലത്ത് ആരോഗ്യ വകുപ്പിൻ്റെ അധിക ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : അടുത്ത സീസണിൽ ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുത്തു . 

ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും. കൊവിഡാനന്തര രോഗങ്ങള്‍ കൂടി മുന്നില്‍കണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കത്തക്ക വിധമാണ് ക്രമീകരണങ്ങളൊരുക്കുന്നത്. കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ ജീവന്‍ രക്ഷാ പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതാണ്. അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്താന്‍ നോഡല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഡോക്ടര്‍മാരേയും പാരമെഡിക്കല്‍ സ്റ്റാഫുകളേയും സമയബന്ധിതമായി നിയമിക്കേണ്ടതാണ്. മരുന്നുകളും സാമഗ്രികളും എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം മതിയായ ആംബുലന്‍സ് സേവനങ്ങളും ലഭ്യമാക്കും.

കോന്നി മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും. കൂടാതെ തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക ശബരിമല വാര്‍ഡ് തുടങ്ങുന്നതാണ്. കാളകെട്ടിയില്‍ 24 മണിക്കൂറും മെഡിക്കല്‍ ടീമിനെ നിയോഗിക്കും. എരുമേലിയില്‍ മൊബൈല്‍ ടീമിനെ സജ്ജമാക്കും. എരുമേലിയില്‍ കാര്‍ഡിയാക് ഐസിയു സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *