KeralaNews

ഇലന്തൂരിലെ നരബലി സ്ഥലത്ത് അന്വേഷണത്തിൽ തിളങ്ങി ‘മായയും മര്‍ഫിയും’

ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത് ഇപ്പോൾ പൊലീസിന് മുന്നോട്ടുള്ള അന്വേഷണ സഹായം നൽകുന്നത് കേരള പൊലീസിന്‍റെ അഭിമാനമായ 2 പൊലീസ് നായ്ക്കൾ. മായയും മര്‍ഫിയും. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവർ ഇരുവരും. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ധ പരിശീലനം നേടിയ ഇവർക്ക് 40 അടി ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിവുണ്ട്. 

എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിവുണ്ട്. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ നിന്നാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയിറങ്ങിയത്. ഊര്‍ജസ്വലതയിലും ബുദ്ധികൂര്‍മതയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും. പ്രകൃതിദുരന്തമുണ്ടായ പെട്ടിമുടിയിൽ 8 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത് മായ ആയിരുന്നു. വെറും 3 മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിനിറങ്ങിയത്. കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം നിന്നത് മര്‍ഫിയും. 

നിലവിൽ കേരള പൊലീസില്‍ ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട 36 നായ്ക്കളാണുളളത്. ഇവരിൽ 17പേർ കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ വിഭാഗത്തില്‍പെട്ടവയാണ്. 13 പേരെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനാണ് ഉപയോഗിക്കുന്നത്. മയക്കുമരുന്ന് കണ്ടെത്താനുളള കഴിവ് നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്. ഹവില്‍ദാര്‍ പി.പ്രഭാതും പൊലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നത് സിവില്‍ പൊലീസ് ഓഫീസർ കെ.എസ് ജോർജ് മാനുവൽ, പൊലീസ്  കോൺസ്റ്റബിൾ കെ.ജി നിഖിൽ കൃഷ്ണ എന്നിവരാണ്. 

കേരളത്തിലെ 20 പൊലീസ് ജില്ലകളിലായി 26 ഡോഗ് സ്ക്വാഡുകളാണ് നിലവിലുളളത്. എഡിജിപി എം.ആര് അജിത് കുമാറിന്‍റെ നിയന്ത്രണത്തിലുളള കെ 9 സ്ക്വാഡെന്ന പൊലീസ് ശ്വാനവിഭാഗത്തിന്‍റെ ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ദക്ഷിണ മേഖല ഐ.ജി പി.പ്രകാശാണ്. കെഎപി മൂന്നാം ബറ്റാലിയനിലെ അസി. കമാൻഡന്‍റ് എസ് സുരേഷിനാണ് ഡോഗ് സ്ക്വാഡിന്‍റെ ചുമതല. എന്തായാലും ഇലന്തൂർ കേസിൽ തങ്ങളുടെ ചുമതലകൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണ് മായയും മർഫിയും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *