അരൂർ: രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരിതമാണ് ഭാരത് ജോഡോ യാത്രയുടെ പ്രചോദനമെന്ന് രാഹുൽ ഗാന്ധി. വൈകീട്ട് എരമല്ലൂരിൽ നിന്നും ആരംഭിച്ച പദയാത്ര അരൂരിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർക്ക് പോലും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഭരണകൂടത്തിന് ഒരു പ്രശ്നമേയല്ല. രാജ്യത്തെ നയിക്കുന്നവർ വിദ്വേഷം പടർത്തുന്നവരാണ്. അവരുടെ പ്രസംഗങ്ങളിലോ പ്രവർത്തികളിലോ സ്നേഹമോ അനുകമ്പയോ ഇല്ല. വിദ്വേഷവും പകയും നിറഞ്ഞ രാജ്യത്തിന് നിലനിൽപ്പ് ഉണ്ടാവുകയില്ല. രാജ്യത്തെ എല്ലാ മേഖലകളും നിയന്ത്രിക്കുന്നത് സർക്കാരുമായി അടുപ്പമുള്ള രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ്. രാജ്യത്തെ വാണിജ്യമേഖല പൂർണമായും അവരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഇന്ത്യയിൽ ചൈനയുടെ ആധിപത്യം ഉണ്ടാകുന്നു. പ്രതിരോധ സേന പോലും അത് ആവർത്തിച്ചു പറയുമ്പോഴും പ്രധാനമന്ത്രി അതിനെ നിഷേധിക്കുകയാണ്. ഡൽഹിയുടെ അത്രയും വലിപ്പമുള്ള പ്രദേശം പോലും ചൈന കയ്യടക്കി വെച്ചിരിക്കുന്നു. സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളിയും മുന്നോട്ടുവെച്ച സന്ദേശങ്ങളാണ് കേരളത്തിലെ ഒരുമയുടെ അടിസ്ഥാനമെന്നും അതുതന്നെയാണ് ജോഡോ യാത്രയും മുന്നോട്ടുവെക്കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ജോഡോ യാത്ര സംസ്ഥാന കോർഡിനേറ്റർ കൊടുക്കുന്നിൽ സുരേഷ് എംപി, എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എഐസിസി സെക്രട്ടറിമാരായ പി സി വിഷ്ണുനാഥ് എംഎൽഎ, വിശ്വനാഥ പെരുമാൾ, റോജി എം ജോൺ എംഎൽഎ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോൾ ഉസ്മാൻ, എം ലിജു, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ എ ഷുക്കൂർ, എം എം നസീർ, എം ജെ ജോബ്, കെ പി ശ്രീകുമാർ, എസ് അശോകൻ, ഐ കെ രാജു, ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ ബി ബാബു പ്രസാദ്, ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു എന്നിവർ പങ്കെടുത്തു.