ന്യൂഡൽഹി: പതിറ്റാണ്ടുകൾക്കു മുൻപേ തങ്ങളുടെ വംശം അന്യം നിന്ന ഭൂമിയിലേക്ക് വൻകര കടന്ന് ചീറ്റകളുടെ യാത്ര നാളെ. നമീബിയയിൽ നിന്നു പ്രത്യേക വിമാനത്തിൽ നാളെ രാത്രിയാണ് എട്ടു ചീറ്റപ്പുലികൾ ഇന്ത്യയിലേക്കു തിരിക്കുക. ജയ്പുർ വിമാനത്താവളത്തിലാകും ആദ്യമെത്തുക. ഇവിടെ നിന്നു 40 മിനിറ്റ് നീണ്ട ഹെലികോപ്റ്റർ യാത്രയിൽ 17ന് കുനോ പാൽപ്പുർ ദേശീയോദ്യാനത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയെ സ്വീകരിക്കും.
ആദ്യമെത്തുന്ന ചീറ്റപ്പുലിക്കൂട്ടം ഇന്ത്യൻ കാടുകളിൽ പുതിയ തലമുറകൾ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. മൂന്ന് ആൺപുലികളും അഞ്ചു പെൺപുലികളുമാണ് നാളെയെത്തുന്നത്. ഇവയിൽ രണ്ടു പുലികൾ സഹോദരന്മാർ. മറ്റു രണ്ടു പുലികൾ അടുത്ത സുഹൃത്തുക്കൾ. എല്ലാ പുലികൾക്കും അഞ്ചര വയസോ അതിൽ താഴെയോ പ്രായം. 8-12 വയസാണ് ചീറ്റകളുടെ ശരാശരി ആയുർദൈർഘ്യം. ഒരു വയസും ആറു മാസവുമെത്തുന്നതുവരെ അമ്മച്ചീറ്റ കുട്ടികളെ സംരക്ഷിക്കും. അതുകഴിഞ്ഞാൽ തനിയെ വേട്ടയാടി ജീവിക്കണം.
നമീബിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ചീറ്റ കൺസർവേഷൻ ഫണ്ടി (സിസിഎഫ്)നാണ് ഇന്ത്യൻ അധികൃതർക്കൊപ്പം ചരിത്ര ദൗത്യത്തിന്റെ നടത്തിപ്പിലും മേൽനോട്ടത്തിലും പ്രധാന ചുമതല. അവർ നൽകുന്ന വിവരമനുസരിച്ച് ആദ്യ സംഘത്തിലെ രണ്ട് ആൺപുലികൾ സഹോദരങ്ങളാണ്. അഞ്ചര വയസാണ് ഇവയ്ക്കു പ്രായം.
ഒജിവരോംഗോയിലെ 58,000 ഹെക്റ്റർ സ്വകാര്യ വനത്തിൽ നിന്നാണ് ഇവയെത്തുന്നത്. പെൺ ചീറ്റകൾ ഒറ്റയ്ക്ക് ഇരകളെ വേട്ടയാടുമ്പോൾ ആൺ ചീറ്റകൾ, പ്രത്യേകിച്ച് സഹോദരങ്ങൾ ഒരുമിച്ചാണു ജീവിതം നയിക്കുന്നതും വേട്ടയാടുന്നതുമെന്നു സിസിഎഫ്. മൂന്നാമത്തെ ആൺ ചീറ്റയ്ക്ക് നാലര വയസാണു പ്രായം. 2018 മാർച്ചിൽ നമീബിയയിലെ എറിൻഡി പ്രൈവറ്റ് ഗെയിം റിസർവിലാണ് ഇതു ജനിച്ചത്.
കൂട്ടത്തിൽ ഏറ്റവും ചെറുത് രണ്ടു വയസുള്ള പെൺ ചീറ്റയാണ്. നമീബിയൻ നഗരം ഗോബബിസിനു സമീപം കണ്ടെത്തിയ ചീറ്റക്കുട്ടികളിലൊന്നാണിത്. സഹോദരനായ ആൺ ചീറ്റയ്ക്കൊപ്പം കണ്ടെത്തുമ്പോൾ രണ്ടു കുട്ടിച്ചീറ്റകളും ഭക്ഷണമില്ലാതെ മെലിഞ്ഞ് അവശരായിരുന്നു. ഇവയുടെ അമ്മ ആഴ്ചകൾക്കു മുൻപ് ചത്തുപോയിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്. 2020 സെപ്റ്റംബർ മുതൽ സിസിഎഫ് സെന്ററിലായിരുന്നു ഇവയെ പാർപ്പിച്ചത്. നമീബിയൻ വ്യവസായിയുടെ കൃഷിയിടത്തിൽ നിന്ന് 2022 ജൂലൈയിൽ കെണിവച്ചു പിടിച്ച ചീറ്റയാണു സംഘത്തിലെ രണ്ടാമത്തെ “വനിത’. ഒരിക്കൽ പിടിച്ചു കാട്ടിലേക്കയച്ചെങ്കിലും വീണ്ടുമെത്തിയതോടെ പിടികൂടി സിസിഎഫ് സെന്ററിലേക്കു മാറ്റുകയായിരുന്നു. നാലു വയസിനടുത്ത് പ്രായമുണ്ട് ഇതിന്.
മൂന്നാമത്തെ പെൺചീറ്റയ്ക്ക് രണ്ടര വയസാണു പ്രായം. എറിൻഡി പ്രൈവറ്റ് ഗെയിം റിസർവിലെ അന്തേവാസിയായ ചീറ്റയ്ക്ക് 2020 ഏപ്രിലിൽ ജനിച്ച കുട്ടിയാണിത്. തള്ളച്ചീറ്റയെ രണ്ടു വർഷം മുൻപ് തിരികെ കാട്ടിസേക്ക് അയച്ചു.
സിസിഎഫ് സെന്ററിലെത്തിച്ചപ്പോൾ മുതൽ പിരിയാനാവാത്ത സുഹൃത്തുക്കളായി മാറിയവയാണ് സംഘത്തിലെ മറ്റു രണ്ടു പെൺ ചീറ്റകൾ. രണ്ടിനും അഞ്ചു വയസോളം പ്രായം. ഒന്നിനെ 2017 അവസാനം നമീബിയയിലെ കൃഷിയിടത്തിൽ നിന്നു തൊഴിലാളികൾ കണ്ടെത്തിയതാണ്. സിസിഎഫ് അധികൃതരെത്തുമ്പോൾ ഭക്ഷണമില്ലാതെ അവശയായിരുന്നു ഈ ചീറ്റക്കുട്ടി. രണ്ടാമത്തേതിനെ പടിഞ്ഞാറൻ നമീബിയയിലെ ഒരു കൃഷിയിടത്തിൽ നിന്നു 2019ൽ ലഭിച്ചതാണ്.
ആദ്യഘട്ടത്തിലെത്തുന്ന ഇവയ്ക്കു വേണ്ടി 748 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ നാഷണൽ പാർക്കിൽ ഇവയ്ക്കുവേണ്ടി പ്രത്യേകം കൂടൊരുങ്ങിക്കഴിഞ്ഞു. അടുത്ത മാസം 10ന് ദക്ഷിണാഫ്രിക്കയിൽ നിന്നു 12 ചീറ്റകളെക്കൂടി എത്തിക്കാണു പദ്ധതി.